Site icon Janayugom Online

വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

കോവിഡ് വ്യാപന സാഹചര്യത്തില്‍ ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാതെ വര്‍ഷങ്ങളായി വിവാഹിതരായി ഒന്നിച്ചു താമസിക്കുന്ന ദമ്പതിമാർക്ക് വീഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവായെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ, 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അനുമതിയുണ്ട്.

ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ വ്യാജ ഹാജരാക്കലുകളും ആൾമാറാട്ടവും ഉണ്ടാകാതിരിക്കാൻ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധിക്കണം. വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയ ശേഷം അവിടെ നിന്നും കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കിക്കൊണ്ട് പല രജിസ്ട്രാർമാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകിവരുന്നുമുണ്ട്. കോവിഡ്‍ വ്യാപന സാഹചര്യം മുൻനിർത്തി വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവരുടെ തൊഴിൽ സംരക്ഷണത്തിനും താമസസൗകര്യം ലഭിക്കുന്നതിനുമുള്ള നിയമസാധുതയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry : online mar­riage reg­is­tra­tion kerala

You may also like this video :

Exit mobile version