Site iconSite icon Janayugom Online

ഓൺലൈൻ തട്ടിപ്പ്: വീട്ടമ്മയ്ക്ക് നഷ്ടമായത് 64000 രൂപ

ഓൺലൈൻ തട്ടിപ്പിൽ കഴിഞ്ഞ ദിവസം ചെന്നിത്തലയിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 64000 രൂപ. ചെന്നിത്തല‑തൃപ്പെരുന്തുറ പതിനാറാം വാർഡിൽ തെക്കുംമുറി പാറയിൽ പുത്തൻ വീട്ടിൽ രമ്യ (40)യ്ക്കാണ് ഓൺലൈനിലൂടെ പണം നഷ്ടമായത്. ഫേസ്ബുക്കിൽ കണ്ട എസ്ബിഐയുടെ ഉടനടി ലോൺ എന്ന പരസ്യമാണ് രമ്യയെ കുടുക്കിയത്. മാതാപിതാക്കളോടൊപ്പം കഴിയുന്ന രമ്യയ്ക്ക് ലൈഫ് പദ്ധതിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട് പൂർത്തീകരിക്കാൻ ഇനിയും രണ്ടു ലക്ഷത്തോളം രൂപ ആവശ്യമായിട്ടുണ്ട്. എസ് ബി ഐ വായ്പ ഉടനടി എന്ന് കണ്ടതോടെ രമ്യ ‘യെസ്’ എന്ന് അഭിപ്രായം രേഖപ്പെടുത്തുകയും അവരുടെ ആവശ്യപ്രകാരം ഫോൺ നമ്പർ നൽകുകയും ചെയ്തു. പിന്നെ വാട്സാപ്പ് കോൾ രമ്യയെ തേടിയെത്താൻ തുടങ്ങി. 

വളരെ സൗമ്യമായി വായ്പയുടെ കാര്യങ്ങൾ വിശദീകരിച്ച ബാങ്കിന്റെ എക്സിക്യുട്ടീവ് എന്ന് പരിചയപ്പെടുത്തിയ ആൾ വായ്പക്കുള്ള ലിങ്ക് രമ്യയുടെ ഫോണിലേക്ക് അയച്ചു. ലിങ്കിലൂടെ ആവശ്യപ്പെട്ട പ്രകാരം പേര്, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി അയച്ചു കൊടുത്തതോടെ ഒരുലക്ഷം രൂപ വായ്പ പാസായതായി അറിയിപ്പെത്തി. മറ്റൊരാൾ വിളിച്ച് ഒരു ലക്ഷം രൂപ ലഭിക്കണമെങ്കിൽ പതിനായിരം രൂപയും പിന്നീട് മുപ്പത്തിനായിരവും അവർ നൽകിയ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നു പറഞ്ഞു. അതിൻപ്രകാരം ഗൂഗിൾപേ വഴി രണ്ടു തവണയായി അടച്ചു. 

തുക റീഫണ്ട് ചെയ്തു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രമ്യയുടെ അക്കൗണ്ട് നമ്പറിൽ തെറ്റുണ്ടെന്നും അക്കൗണ്ട് ബ്ലോക്കാണെന്നും അറിയിച്ച് 24000 രൂപാ കൂടി അയപ്പിച്ചു. 64000 അവരുടെ അക്കൗണ്ടിലേക്ക് എത്തിയതോടെ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഇവരുടെ നമ്പരിലേക്ക് ഫോൺ ചെയ്തപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വാട്സാപ്പ് കോളിൽ ബന്ധപ്പെട്ടപ്പോൾ അവർ ബ്ലോക്ക് ചെയ്തതായും മനസിലായതോടെയാണ് താൻ വഞ്ചിക്കപെട്ടതായി രമ്യ അറിയുന്നത്. തുടർന്നാണ് രമ്യ മാന്നാർ പൊലീസിൽ പരാതിയുമായി എത്തിയത്. 

Eng­lish Sum­ma­ry; Online scam: House­wife los­es Rs 64000

You may also like this video

Exit mobile version