Site icon Janayugom Online

ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ വീണ്ടും സജീവമായി

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ വീണ്ടും സജീവമായി. മൊബൈൽ നമ്പർ റീ ചാർജ്, സ്ക്രാച്ച് ആന്റ് വിൻ കാർഡ്, വൈദ്യുതി കണക്ഷൻ, ക്രെഡിറ്റ് കാർഡ്, വായ്പ — എന്നിങ്ങനെ എല്ലാ തലങ്ങളുമായി ബന്ധപ്പെട്ട് ഓൺലെൻ തട്ടിപ്പുകൾ അരങ്ങേറുകയാണ്. മൊബൈൽ നമ്പർ റീചാർജിന്റെ പേരിലുള്ള കബളിപ്പിക്കലിന് ഇരയാകുന്നത് മുഖ്യമായും ബിഎസ്എൻഎൽ വരിക്കാരാണ്. നമ്പർ റീചാർജ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ബ്ലോക്ക് ചെയ്യുമെന്നുമാണ് ആദ്യ സന്ദേശം. തൊട്ടുപിന്നാലെ ബിഎസ്എൻഎൽ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോൺ വിളി. നമ്പർ ബ്ലോക്കാക്കുന്നത് തടയാനായി ബിഎസ്എൻഎൽ എനി ഡെസ്ക് എന്ന ആപ്പിക്കേഷൻ ഡൗൺലോഡും ഇൻസ്റ്റാളും ചെയ്യുക. 

അങ്ങനെ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന യൂസർ നമ്പർ, പാസ് വേഡ് എന്നിവ നൽകുക. ഇതോടെ, രാജ്യത്തിന്റെ ഏതു കോണിലിരുന്നും തട്ടിപ്പുകാർക്ക് മൊബൈൽ നിയന്ത്രിക്കാം എന്നാകും. പാറശ്ശാല സ്വദേശിയായ യുവാവാണ് ഈ ഗണത്തിലെ തട്ടിപ്പിന്റെ അവസാനത്തെ ഇര. ഓൺലൈൻ വ്യാപാര സൈറ്റിലൂടെ സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട സ്ക്രാച്ച് ആന്റ് വിൻ കാർഡിന്റെ പേരിലുള്ള തട്ടിപ്പാണ് അടുത്തത്. കാർഡിന് വൻതുക സമ്മാനമായി ലഭിച്ചെന്നാണ് ആദ്യ സന്ദേശം. ഇങ്ങനെയൊരു സന്ദേശം കിട്ടിയ ആലുവ സ്വദേശി കാർഡ് ചുരണ്ടി നോക്കിയപ്പോൾ 25 ലക്ഷം രൂപ അടിച്ചതായി വ്യക്തമായി. പക്ഷേ, തുക കിട്ടണമെങ്കിൽ 2000 രൂപ പ്രോസസിങ് ചാർജായി അടക്കണം. 

പിന്നീട്, പല പേരുകളിൽ പണം ആവശ്യപ്പെടലായി. ഓരോ തവണ പണം തട്ടുമ്പോഴും അതടക്കം പിന്നീട് തിരിച്ചു കിട്ടുമെന്ന വാഗ്ദാനവുമുണ്ട്. ഒടുവിൽ, ഈ മാർഗ്ഗത്തിലൂടെ കൈവിട്ടു പോയത് 80 ലക്ഷം രൂപ. പ്രശസ്ത ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ സ്ക്രാച്ച് ആന്റ് വിൻ കാർഡുകൾ അയച്ചാണ് ഈ കബളിപ്പിക്കൽ. ഓൺലൈൻ വായ്പാ സ്ഥാപനങ്ങളിൽ നിന്നു 40, 000 രൂപ വായ്പയെടുത്ത ഒരു പാലക്കാട് സ്വദേശിക്ക് ഒന്നേകാൽ ലക്ഷവും 37,000 രൂപ എടുത്ത മറ്റൊരു പാലക്കാടുകാരന് ഒന്നര ലക്ഷവുമാണ് തിരിച്ചടക്കേണ്ടി വന്നത്. കൊച്ചിയിലെ ഒരു ചായക്കട ഉടമയുടെ 40, 000 രൂപയും ഇതേ വഴിയിലൂടെ പോയി. ഓൺലെൻ ഉപയോഗം കൂടിയ 2020–21‑ലെ കോവിഡ് ലോക്ക് ഡൗൺ കാലത്തു മാത്രം രജിസ്റ്റർ ചെയ്ത സൈബർ കേസുകളിലധികവും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടവയായിരുന്നു. 

Eng­lish Summary:Online scams are active again
You may also like this video

Exit mobile version