Site icon Janayugom Online

ഇഡി കേസുകളില്‍ തീര്‍പ്പാക്കിയത് 0.42 ശതമാനം മാത്രം

പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 2005 മുതല്‍ ഇതുവരെ തീര്‍പ്പാക്കിയത് കേവലം 0.42 ശതമാനം കേസുകള്‍ മാത്രം. ആകെ രജിസ്റ്റര്‍ ചെയ്ത 5,906ല്‍ 25 കേസുകളില്‍ മാത്രമാണ് ഇതുവരെ തീര്‍പ്പുണ്ടായത്. അതേസമയം ഈ 25 കേസില്‍ 24ല്‍ ശിക്ഷിക്കപ്പെട്ടതിന്റെ കണക്ക് ഉദ്ധരിച്ചാണ് 96 ശതമാനം ശിക്ഷാവിധിയുണ്ടായതെന്ന് ഇഡി അവകാശപ്പെടുന്നത്. കേന്ദ്രവും അന്വേഷണ ഏജന്‍സികളും എതിരാളികളെ വേട്ടയാടുന്നതിന് എത്രത്തോളം ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണിത്. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണ്യ വിനിമയ നിയമം, സാമ്പത്തിക കുറ്റവാളികളുടെ നാടുവിടല്‍ എന്നീ കേസുകളുടെ ജനുവരി 31 വരെയുള്ള വിവരങ്ങളാണ് ഇഡി പുറത്തുവിട്ടിരിക്കുന്നത്.

അതിസമ്പന്നരായ കുറ്റാരോപിതര്‍ പ്രമുഖരായ അഭിഭാഷകരെ വച്ച് കേസ് നടത്തുന്നതിനാല്‍ 2005ല്‍ നിലവില്‍ വന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേസിന്റെ അന്വേഷണവും വിചാരണയും യഥാസമയമുള്ള തീര്‍പ്പുകല്പിക്കലും സാധ്യമാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. തങ്ങളുടെ ഇച്ഛയ്ക്ക് വിധേയമാകാത്ത പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ആയുധമാക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് കേസ് തീര്‍പ്പാക്കുന്നതിലുള്ള ഈ ദയനീയ സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ദ വയര്‍ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എക്സ്‌പ്രസ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 95 ശതമാനത്തിലും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പ്രതികളാണ് എന്നാണ്. സിബിഐയുടെ നിഴലായാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്തുത വാര്‍ത്തയിലുണ്ടായിരുന്നു.

2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇഡി നടത്തിയ അന്വേഷണം, റെയ്ഡ്, ചോദ്യം ചെയ്യല്‍, കേസെടുക്കല്‍ എന്നിവയില്‍ 171 കേസുകളുണ്ടായതില്‍ 115 പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടായിരുന്നു. സിബിഐയുടെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമുള്ള ഇഡിയെ ഉപയോഗിച്ചാണ് ഈ നടപടികള്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് വാര്‍ത്തയിലുണ്ടായിരുന്നു. ആകെ രജിസ്റ്റര്‍ ചെയ്ത 5,906ല്‍ 1,142 കേസുകളില്‍ മാത്രമാണ് ഇതുവരെയായി കുറ്റപത്രം സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ മുന്‍ മഹാ വികാസ് അഘാഡി സഖ്യത്തിലെയും ഡല്‍ഹിയിലെ എഎപിയിലെയും പ്രമുഖ നേതാക്കളെയും മന്ത്രിമാരെയുമാണ് കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുള്ളതെങ്കിലും കേവലം മൂന്ന് ശതമാനം ജനപ്രതിനിധികള്‍ മാത്രമാണ് പ്രതികളായിട്ടുള്ളതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 5906 കേസുകളില്‍ 176 എംപിമാരും മുന്‍ എംപിമാരും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ മാത്രമാണ് പ്രതികളെന്നാണ് ഇഡി കണക്കുകളിലുള്ളത്.

Eng­lish Sum­ma­ry: Only 0.42 per­cent of ED cas­es were settled
You may also like this video

Exit mobile version