Site iconSite icon Janayugom Online

ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിന് ഇനി മൂന്ന് ഹാഷ്ടാഗുകൾ മാത്രം! പുതിയ മാറ്റത്തിന് മെറ്റ ഒരുങ്ങുന്നു

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. റീച്ച് വർദ്ധിപ്പിക്കാനായി കണ്ടൻ്റ് ക്രിയേറ്റർമാർ ഉപയോഗിക്കുന്ന ഹാഷ്ടാഗുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനാണ് കമ്പനി ഇപ്പോൾ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം നിലവിൽ വരികയാണെങ്കിൽ, ഒരു പോസ്റ്റിന് മൂന്നിൽ കൂടുതൽ ഹാഷ്ടാഗുകൾ ഉപയോഗിക്കാൻ സാധിക്കില്ല. കൂടുതൽ ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉടൻ ഒരു എറർ സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെടും.
ഹാഷ്ടാഗ് നിയമങ്ങൾ മാറുന്നതുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ, ഈ പുതിയ ഫീച്ചർ തങ്ങൾക്ക് ലഭിച്ചു തുടങ്ങിയതായി ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഇത് ഫീച്ചർ തിരഞ്ഞെടുത്ത ചില ഉപയോക്താക്കളിൽ കമ്പനി പരീക്ഷിക്കുന്നതിൻ്റെ സൂചനയാകാമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.

നിലവിൽ, ഇൻസ്റ്റാഗ്രാമിൽ കണ്ടൻ്റുകൾ സെർച്ച് ചെയ്യുന്നതിനായി ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഹാഷ്ടാഗുകളാണ്. റീച്ചുകൾ വർദ്ധിപ്പിക്കുന്നതിനായി കണ്ടൻ്റ് ക്രിയേറ്റർമാർ പരമാവധി 30 ഹാഷ്ടാഗുകൾ വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഹാഷ്‌ടാഗുകൾ റീച്ച് വർദ്ധിപ്പിക്കുന്നതിൽ അത്ര ഫലപ്രദമല്ലെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് കണ്ടന്റുകൾ തിരിച്ചറിയാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. എന്തായാലും, പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവരുന്ന ഈ പുതിയ മാറ്റം അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഹാഷ് ടാഗുകൾ വഴി കണ്ടന്റുകൾ സെർച്ച് ചെയ്ത് കണ്ടെത്തുന്നവർക്ക് ഈ പുതിയ നിയമം തിരിച്ചടി ആയേക്കാമെന്നും ടെക് വിദഗ്ധർ പറയുന്നു.

Exit mobile version