Site icon Janayugom Online

ഒന്നും പൂജ്യവും

onnumpoojyavum
പൂജ്യമൊരേകാന്തതയാണ്
പറയാത്തതിന്റെ
എത്താത്തതിന്റെ
എഴുതാത്തതിന്റെ
കരയാത്തതിന്റെ
കാണാത്തതിന്റെ
ചേരാത്തതിന്റെ
നീയില്ലാത്തതിന്റെയൊക്കെ...
ഒന്ന് ഒരുനിർത്തിന്റെ
ഒരു തുടക്കത്തിന്റെ
നിന്റെ എന്റെ
അവന്റെയെല്ലാം
തുടിപ്പാകുന്നു...
ഒന്നും പൂജ്യവും
ഒന്നിച്ചാലുയിർപ്പിൻ
കിനാവുകൾ
കാണാറുണ്ട്; 
ഹൃദയങ്ങൾ
പൂക്കാറുണ്ട്
കുയിലുകൾ
പാടാറുമുണ്ട്; 
മയിലുകൾ
നൃത്തമാടി
മഴയെ
ചുറ്റിപ്പിടിക്കാറുണ്ട്...
ഇടക്കിടയ്ക്ക്
ഒന്നിന്റെ കാലാൾപ്പടകൾ
യുദ്ധത്തിലെ
വീര വിവശതകൾ
പൂജ്യത്തിന്റെ
ചെവിയിൽ
മന്ത്രിക്കാറുണ്ട്....
ചവിട്ടടിയിലെ
മണ്ണിരയുടെ
വിലാപസ്വരം, 
രാത്രിയിലും
ഉറക്കമില്ലാത്ത
കണ്ണിന്റെ
ഈർച്ച, 
പുസ്തകത്തിലെ
പിടികിട്ടാത്ത ഒരു വരിനോവ്
പിൻതിരിഞ്ഞ ഒരു നോട്ടം
പുറകെ വിളിച്ച ഒരു മൗനം
മുന്നോട്ടുവച്ച ഒരു ചവിട്ടടി
ഇറക്കിവിട്ട ദേഷ്യം
ചേർത്തു പിടിച്ച സ്വാതന്ത്യം, 
അകറ്റി നിർത്തിയ സ്നേഹം
ഇളക്കിമറിച്ച മുദ്രാവാക്യം
കൊതിപ്പിച്ച പ്രണയം, 
ഒറ്റപ്പെട്ട തേങ്ങൽ
കൂട്ടി കെട്ടിയൊരുനൂലിഴ
അങ്ങനെയങ്ങനെ....
ഒക്കെ കേൾക്കുമ്പോഴും
ഏകാന്തത
എത്ര കനപ്പെട്ടതെന്ന്
പൂജ്യം തലകുടഞ്ഞു.
Exit mobile version