പുരാവസ്തു തട്ടിപ്പുക്കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. പുരാവസ്തുതട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുകളിലെ വ്യക്തതതേടിയാണ് ഇഡി മൊഴിയെടുത്തത്. നിലവിൽ പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലാണ് മോൻസൻ.
കള്ളപ്പണ ഇടപാടുകേസിൽ മോൻസന്റെ സുഹൃത്തായിരുന്ന അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കും. വിദേശത്ത് നിന്നടക്കം ഫണ്ടുകൾ മോൻസന്റെ അക്കൗണ്ടിലെത്തിയിരുന്നു. മോൻസന്റെ ഇടപാടുകൾക്ക് വിദേശത്ത് ചരടുവലിച്ചത് അനിത പുല്ലയിലാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അനിതയിൽ നിന്നും മൊഴിയെടുക്കുന്നത്.
10 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക നിഗമനം. സസ്പെൻഷനിലായ മുൻ ഐജി ജി ലക്ഷ്മണയും കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസിൽ അന്വേഷണം നേരിടുന്നുണ്ട്. അനിതയും ലക്ഷ്മണയും ചേർന്നാണ് പലരെയും പരിചയപ്പെടുത്തിയത് എന്ന് മോൻസൻ മൊഴി നൽകിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ജി ലക്ഷ്മണയെയും ഇഡി വിളിച്ചുവരുത്തിയേക്കും.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത സാമ്പത്തിക ഇടപാട് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചു വരുത്തി നാലു മണിക്കൂറോളമാണ് എസ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുരേന്ദ്രന്റെ തൃശ്ശൂരിലെ ക്വാർട്ടേഴ്സിൽ വെച്ച് മോൻസന് ഇരുപത്തി അഞ്ച് ലക്ഷം രൂപ കൈമാറിയെന്നായിരുന്നു കേസിലെ പരാതിക്കാരിലൊരാളായ യാക്കൂബിന്റെ വെളിപ്പെടുത്തൽ.
English Summary:Monson Maungkal was questioned by the ED
You may also like this video