Site icon Janayugom Online

ആള്‍ക്കൂട്ടത്തെ ആരവമാക്കിയ ആഘോഷമാക്കിയ നേതാവ്…

ള്‍ക്കൂട്ടത്തെ ആരവമാക്കിയ, ആഘോഷമാക്കിയ നേതാവ്… പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞുകുഞ്ഞ്. അപൂര്‍വങ്ങളില്‍ അപൂവര്‍മായ റോക്കോഡിന് ഉടമായണ് ഉമ്മന്‍ചാണ്ടി എന്ന ജനനേതാവ്. കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയില്‍വരെ അംഗമായി.

ഇത്രയും ജനകീയനായ ഒരു കോണ്‍ഗ്രസ് നേതാവിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായിട്ടേ കാണുവാന്‍ കഴിയുകയുള്ളു. സംഭവ ബഹുലമായ രാഷ്ട്രീയ ജീവതത്തിലൂടെ കടന്നുപോയ ഉമ്മന്‍ചാണ്ടിയുടെ മടക്കം സമാനതകളില്ലാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും രാഷ്ട്രീയ കേരളത്തിന്. 1970ല്‍ ഇരുപത്തിഏഴാമത്തെ വയസിലാണ് ഉമ്മന്‍ചാണ്ടി യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്നു തുടങ്ങിയ ജൈത്രയാത്ര ജനങ്ങളുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചു. പിന്നീട് പുതുപ്പള്ളിയെ ഉമ്മന്‍ചാണ്ടി കുത്തകയാക്കി. അരനൂറ്റാണ്ടിനപ്പുറമായി അത് തുടരുകയായിരുന്നു.

എനിക്ക് ഏകാന്തയാണ് ഭയം

‘എനിക്ക് ഏകാന്തയാണ് ഭയം. ഉറങ്ങുന്നതു വരെയും ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കാനാണ് എനിക്ക് ഇഷ്ടം’- ഒരിക്കല്‍ അദ്ദേഹം പറഞ്ഞിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലായിരുന്നു ആ മനുഷ്യൻ ആത്മനിർവൃതി കണ്ടെത്തിയിരുന്നത്. തിരുവനന്തപുരത്ത് നിന്നു ഉമ്മൻചാണ്ടിയുടെ കാർ പുറപ്പെടുമ്പോൾ തന്നെ പുതുപ്പള്ളിയിൽ ആഘോഷം തുടങ്ങും. പുതുപ്പള്ളിയിലേക്കുള്ള ബസുകളിൽ അന്ന് സൂചി കുത്താനിടം കാണില്ല. പൂരം കൊണ്ടാടുന്ന ആവേശത്തോടെ ജനം പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തും.

തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലെത്തി പുതുപ്പള്ളി പുണ്യാളന് മെഴുകുതിരി കത്തിച്ച് ഉമ്മൻ ചാണ്ടിയെത്തുമ്പോഴേക്കും ഒരു നാട് മുഴുവൻ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ എത്തിയിരിക്കും. ഞായറാഴ്ച കഴിഞ്ഞ് തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുംവരെയും വീട്ടില്‍ ഒരു ഉത്സവത്തിന്റെ ആളായിരിക്കും. പോകുന്നിടത്തെല്ലാം പുതുപ്പള്ളിയുടെ ഒരു തുണ്ട് ഉമ്മൻചാണ്ടി കരുതി. ‘പുതുപ്പള്ളി എന്റെ കുടുംബമാണ്. അവർ തരുന്ന സ്നേഹം പലപ്പോഴും തിരിച്ചു നൽകാനാവുന്നില്ല എന്നത് മാത്രമാണ് എന്റെ സങ്കടം’. അദ്ദേഹം പലപ്പോഴും പറയാറുള്ളതിതാണ്.

പുതുപ്പള്ളി ഹൗസ്‌

തിരുവനന്തപുരത്തെ വീടിന് മറുത്ത് ചിന്തിക്കാതെ പുതുപ്പള്ളി ഹൗസ്‌ എന്ന് പേര് നൽകിയതും ഈ ആത്മബന്ധം ഒന്ന് കൊണ്ടുതന്നെയാണ്. ഡൽഹിയിലേക്ക് പല തവണ വിളി വന്നപ്പോഴും ‘എനിക്കെന്റെ നാട് തന്നെ മതി’ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. അന്ന് കുഞ്ഞൂഞ്ഞിനെ വിട്ട് തരില്ലെന്ന് പറഞ്ഞ് ജനരോഷം ഇരമ്പുകയും ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ ആത്മഹത്യ ഭീഷണി വരെ പ്രവർത്തകർ മുഴക്കിയതും അദ്ദേഹത്തിന് പുതുപ്പള്ളിയും ഈ നാടുമായിട്ടുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്.

കാലമെത്ര ഉരുണ്ടാലും പുതുപ്പള്ളിക്ക് കുഞ്ഞൂഞ്ഞ് തറവാട്ടിലെ കാരണവരാണ്, സഹായം ചോദിച്ചു വരുന്നവർക്ക് എന്നും സാന്ത്വനമായിരുന്നു അദ്ദേഹം, മരണവീടുകളിലും കല്യാണ വീടുകളിലും വീട്ടുകാരനെ പോലെ ഓടിനടക്കുന്ന അയൽവക്കകാരനാണ്. പകരം വെയ്ക്കാനില്ലാത്ത സ്നേഹമാണ്. പുതുപ്പള്ളിക്ക് കുഞ്ഞൂഞ്ഞ് രാഷ്ട്രീയക്കാരനായിരുന്നില്ല. മറിച്ച് വീട്ടുകാരനായിരുന്നു. അവരുടെ രാഷ്ട്രീയത്തിനും ഒരു പക്ഷം മാത്രം- ഒരേ ഒരു ഉമ്മൻചാണ്ടി.

Eng­lish Sam­mury: Oom­men Chandy is a memory

you may also like this video;

Exit mobile version