ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ എത്തിച്ചു. വൈകീട്ട് ഏഴുമണിക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സാമാജികരും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ മുന്‍ മുഖ്യമന്ത്രിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ അവിടെ കാത്തുനിന്നിരുന്നു. നിരവധി വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനെ അനുഗമിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രഷ്ട്രീയ കക്ഷിനേതാക്കള്‍, മതമേലധ്യക്ഷന്മാര്‍ തുടങ്ങിവയര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം പുഷ്പചക്രം സമര്‍പ്പിച്ച് അന്ത്യാഭിവാദ്യം ചെയ്തു.
വന്‍ജാനാവലി അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നെങ്കിലും ദര്‍ബാര്‍ ഹാളിന്റെ വാതിലുകള്‍ അടച്ചിട്ട് തിരക്ക് നിയന്ത്രിച്ചു. തിരക്കുമൂലം നേതാക്കളുള്‍പ്പെടെ പലര്‍ക്കും ഭൗതികശരീരം കാണാനായില്ല. രാത്രി 8.45ഓടെ മൃതദേഹം സെക്രട്ടേറിയറ്റിനടുത്തുള്ള പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി.
ഉച്ചക്ക് രണ്ടേകാലോടെയാണ് ബംഗളൂരുവില്‍ നിന്ന് എയര്‍ ആംബുലന്‍സ് വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുവന്ന മൃതദേഹം റോഡ് മാര്‍ഗം പുതുപ്പള്ളി ഹൗസിലെത്തിച്ചിരുന്നു. അവിടെ മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിനുശേഷമാണ് ദര്‍ബാര്‍ ഹാളിലേക്ക് കൊണ്ടുവന്നത്. ഉച്ചക്ക് വിമാനത്താവളത്തിലും പരിസരങ്ങളിലും തുടര്‍ന്നിങ്ങോട്ടുള്ള വഴിയോരങ്ങളിലുമായി ആളുകള്‍ കാത്തുനിന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും അന്ത്യാഭിവാദ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് തങ്ങളുടെ നേതാവിന്റെ ചേതനയറ്റ ശരീരത്തെ ഏതിരേറ്റത്.
പുതുപ്പള്ളി ഹൗസിലും ജഗതി, ഡിപിഐ ജംങ്ഷനുകളിലുമായി അദ്ദേഹത്തെ കാണുന്നതിനായി തിങ്ങിനിറഞ്ഞിരുന്നു. ചാക്കയില്‍ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനെ അനുഗമിച്ച ആളുകളും വാഹനങ്ങളും കൂടിയെത്തിയതോടെ ഇവിടത്തെ തിരക്കുവര്‍ധിച്ചു.
English Sammury: Oommen Chandy’s dead body in Durbar Hall