2024 അവസാനത്തോടെ എണ്ണ ഉല്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങള്‍. ആഗോളതലത്തിൽ എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിയന്നയിൽ ചേർന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പ്രതിദിനം 1.4 ദശലക്ഷം ബാരൽ വെട്ടിക്കുറയ്ക്കാൻ കരാറില്‍ ധാരണയായത്. നേരത്തെ രണ്ട് തവണ ഒപെക് പ്ലസ് അംഗങ്ങള്‍ ഉല്പാദനം വെട്ടിക്കുറിച്ചിരുന്നു. എന്നിട്ടും വില ഉയർത്തുന്നതിൽ പരാജയപ്പെട്ടതോടെയാണ് പുതിയ നടപടി.
മേയ് മാസത്തിൽ രാജ്യത്തിന്റെ ഉൽപ്പാദനം 10 ദശലക്ഷം ബാരലിൽ നിന്ന് ഒമ്പത് ദശലക്ഷം ബാരലായി കുറയ്ക്കുമെന്ന് സൗദി ഊർജ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരുമാനത്തെ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ‑സൗദ്, സൗദി ലോലിപോപ്പ് എന്നാണ് വിശേഷിപ്പിച്ചത്. ജൂലെെ മുതല്‍ പ്രഖ്യാപനം പ്രാബല്യത്തില്‍ വരും. ആവശ്യമെങ്കിൽ തീരുമാനം ജൂലൈക്ക് അപ്പുറം നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിനു പിന്നാലെ എണ്ണ വില ബാരലിന് ഒരു ഡോളറിലധികം ഉയര്‍ന്നു. ബെന്റ് ക്രൂഡ് ബാരലിന് 77.64 ഡോളര്‍ എന്ന നിലയിലാണ് വ്യാപരം നടക്കുന്നത്.
ഒപെക് പ്ലസ് രാജ്യങ്ങൾ കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ആകെ ഉല്പാദനത്തിൽ പ്രതിദിനം 3.66 ദശലക്ഷം കുറവ് രേഖപ്പെടുത്തുന്നതായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ 40 ശതമാനവും ഉല്പാദിപ്പിക്കുന്നത് ഒപെക് പ്ലസ് രാജ്യങ്ങളാണ്. എണ്ണ കയറ്റുമതി വെട്ടികുറയ്ക്കാനുണ്ടായ തീരുമാനങ്ങൾ എണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. ഏപ്രിലിൽ പ്രതിദിനം 1.6 ബിപിഡി( ബാരൽസ് പെർ ഡേ) സൗദി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. മെയിൽ ഇത് പ്രാബല്യത്തിൽ വരുകയും ചെയ്തു. ഈ തീരുമാനം ചെറിയ തോതിൽ വില വർധനവിന് കാരണമായി എങ്കിലും വർധന നിലനിർത്താൻ സാധിച്ചിരുന്നില്ല.
റഷ്യ- ഉക്രെയ‍്ന്‍ സംഘര്‍ഷവും വിലയിടിവും വിപണിയിലെ എണ്ണ വിലയുടെ ചാഞ്ചാട്ടവും എണ്ണ ഉല്പാദക രാജ്യങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പാശ്ചാത്യ രാജ്യങ്ങൾ നടപ്പിലാക്കിയ പണനയം എണ്ണ ഉല്പാദക രാജ്യങ്ങളിൽ പണപ്പെരുപ്പത്തിന് കാരണമായെന്നും അതിനാൽ കയറ്റുമതി മൂല്യം നിലനിർത്തേണ്ട ആവശ്യകത ഏറിയെന്നുമാണ് എണ്ണ ഉല്പാദക രാജ്യങ്ങള്‍ പറയുന്നത്.
English Summary: OPEC countries to cut oil production
You may also like this video