ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത്) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നു. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്.
കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്. ഓരോ വ്യക്തിയും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും മുൻനിർത്തി അനാവശ്യമായി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുത്. സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
English Summary: Operation Amrit to prevent overuse of antibiotics
You may also like this video