ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കവുമായി ഓപ്പറേഷൻ ‘അരിക്കൊമ്പൻ’. കനത്ത ജാഗ്രതയിലായിരിക്കും ഓപ്പറേഷൻ അരിക്കൊമ്പൻ നടപ്പാക്കുക. 25ന് പുലർച്ചെ നാലു മണിയോടെ ദൗത്യം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വനം വകുപ്പിന്റെ 11 ടീമുകളിലായി 71 അംഗ റാപിഡ് റെസ്പോൺസ് ടീമാണ് ദൗത്യ സംഘത്തിലുണ്ടാവുക.
25ന് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ആർ എസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ വിലയിരുത്തിയത്. കാഴ്ചക്കാരെയോ, വീഡിയോ വ്ലോഗർമാരെയോ ഈ ഭാഗത്തേക്ക് കടത്തിവിടുകയില്ലെന്നും കളക്ടർ അറിയിച്ചു. സൂര്യനെല്ലി ബി എൽ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച ശേഷമാകും ഓപ്പറേഷൻ നടപ്പാക്കുക. പദ്ധതി വിജയിച്ചാൽ മയക്കു വെടിവച്ച് പിടികൂടിയ ശേഷം അരിക്കൊമ്പനെ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകുന്നതിനാണ് വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
English Summary : operation arikomban
You may also like this video