ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് വ്യാപകമായ അഴിമതിയും നിയമലംഘനങ്ങളും കണ്ടെത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തി. ആലപ്പുഴയിൽ ഒരു ബാറിൽ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. 3,56,000 രൂപ നൽകിയതിന്റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു.
പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് ബാറുകളിൽ വ്യാജ മദ്യവിൽപന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു നടപടി. ഇത്തരത്തിലുള്ള നിയമവിരുദ്ധ വിൽപനകൾ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും വിജിലൻസ് കണ്ടെത്തി. ബാറുകളിൽ മദ്യം വിളമ്പുന്ന അളവിലും കുറവുള്ളതായി പരിശോധനയിൽ തെളിഞ്ഞു. മിക്കബാറുകളും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 11ന് തുറക്കേണ്ട ബാറുകൾ 10 മണിക്ക് തുറന്നുവെന്നും രാത്രി 11ന് ബാറുകൾ അടയ്‌ക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. അതേസമയം, സാമ്പിൾ ശേഖരിക്കുന്നതിലും വീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

