Site iconSite icon Janayugom Online

ഓപ്പറേഷന്‍ സൈഹണ്ട് 2.0; 165 പേര്‍ പൊലീസ് പിടിയില്‍

കേരള പൊലീസ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ സൈഹണ്ട് 2.0’ എന്ന പേരില്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ നടത്തിയ പരിശോധനയില്‍ 165 പേര്‍ അറസ്റ്റില്‍. 455 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,168 റെയ്ഡുകള്‍ നടത്തുകയും ചെയ്തു. പരിശോധനയില്‍ 216 പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. 306 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് അഞ്ചിന് രാവിലെ ഏഴ് മണി മുതല്‍ ഒരേ സമയം എല്ലാ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലും റെയ്ഡുകള്‍ ആരംഭിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ബാങ്കിങ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യവ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പ് ശൃംഖലകളെ കണ്ടെത്തുകയും തടയുകയുമാണ് ഓപ്പറേഷന്‍ സൈഹണ്ടിന്റെ പ്രധാന ലക്ഷ്യം. 

അതേസമയം മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്നവരെയും സാമ്പത്തിക ഇടനിലക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 422 മ്യൂള്‍ അക്കൗണ്ടുകള്‍ കണ്ടെത്തി. തട്ടിപ്പ് പണം പിന്‍വലിച്ചവരില്‍ 670 പേര്‍ ചെക്ക് വഴിയും 263 പേര്‍ എടിഎം വഴിയുമാണ് ഇടപാടുകള്‍ നടത്തിയതെന്ന് കണ്ടെത്തി. കൂടാതെ ഇതരസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അതാത് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ഏകോപനം നടത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ഒടിപി, പിന്‍, പാസ്‌വേഡ് തുടങ്ങിയവ പങ്കുവെക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, പരിചയമില്ലാത്ത ‘വര്‍ക്ക് ഫ്രം ഹോം’ അല്ലെങ്കില്‍ ടാസ്‌ക് അടിസ്ഥാനത്തിലുള്ള ഓഫറുകളില്‍ ജാഗ്രത പാലിക്കുണമെന്നും നിര്‍ദേശം നല്‍കി. സംശയകരമായ സൈബര്‍ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് വഴി പരാതി നല്‍കുകയോ ചെയ്യണമെന്നും വ്യക്തമാക്കി.

Exit mobile version