Site iconSite icon Janayugom Online

ഓപറേഷന്‍ ഡി ഹണ്ട്; 31.70 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍

നഗരത്തില്‍ എംഡിഎംഎ എത്തിച്ച് വില്‍പന നടത്തുന്ന രണ്ട് പേരെ പിടികൂടി. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേവായൂര്‍ എസ്.ഐ നിമിന്‍ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നുള്ള സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ കീഴടക്കിയത്. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന ഓപറേഷന്‍ ഡി ഹണ്ട് സ്‌പെഷ്യൽ ഡ്രൈവില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അരുണ്‍ കെ പവിത്രന്‍ ഐപി എസിന്റെ നിര്‍ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് കോവൂര്‍ സ്വദേശി അനീഷ് പി (44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി സനല്‍ കുമാര്‍ പി(45) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 31.70 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയത്.

പിടിയിലായ രണ്ടുപേരും കോഴിക്കോട് ബംഗളൂര്‍ ടൂറിസ്റ്റ് ബസ്സിലെ നൈറ്റ് സര്‍വീസ് ഡ്രൈവര്‍മാരാണ്. ബംഗളൂരുവില്‍ നിന്നു കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണിവര്‍ എന്നാണ് വിവരം. ബംഗളൂരുവില്‍ നിന്ന് ആരാണ് ഇവര്‍ക്ക് ലഹരി മരുന്ന് കൈമാറുന്നതെന്നും ഇവിടെ ആര്‍ക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് നാര്‍കോട്ടിക് സെല്‍ അസിസ്റ്റൻറ് കമീഷണര്‍ കെഎ ബോസ് പറഞ്ഞു. 

Exit mobile version