Site iconSite icon Janayugom Online

ഓപ്പറേഷൻ ജംഗിൾ സഫാരി : നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി

സംസ്ഥാനത്തെ വനം വികസന ഏജൻസികളിലും (എഫ്ഡിഎ) ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയില്‍ അസ്വാഭാവിക സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി. പ്രവേശന ഫീസിനത്തിലും വിവിധ ഉല്പന്നങ്ങളുടെയും പദ്ധതികളുടെയും പേരിലും തട്ടിപ്പ് നടത്തുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ‘ഓപ്പറേഷൻ ജംഗിൾ സഫാരി’ എന്ന പേരിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

ഗൂഗിള്‍ പേ വഴി ജീവനക്കാര്‍ പണം പിരിച്ചെടുക്കുന്നതായും ടൂറിസ്റ്റുകളിൽ നിന്നും പിരിക്കുന്ന തുകയ്ക്ക് നൽകുന്ന രസീതുകളിൽ രസീത് നമ്പരും സീലുമില്ലെന്നും ബില്ലുകൾ നൽകാതെ വന ഉല്പന്നങ്ങൾ വില്പന നടത്തുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. വന വിഭവങ്ങൾ വിറ്റ വകയിലുള്ള തുക വനം സംരക്ഷണ സമിതിയിൽ അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒട്ടുമിക്ക വനം വികസന സമിതികളിലും, വന സംരക്ഷണ സമിതികളിലും, വനം ഡെവലപ്മെന്റ് കമ്മിറ്റികളിലും ദിവസംതോറുമുള്ള പണമിടപാട് സൂക്ഷിക്കേണ്ട കാഷ് ബുക്ക് പരിപാലിക്കാറില്ലെന്നും ഓഡിറ്റ് നടത്തുന്നില്ലെന്നും പിരിച്ചെടുക്കുന്ന തുക ബാങ്കിൽ അടയ്ക്കാന്‍ കാലതാമസം വരുത്തുന്നതും വിജിലന്‍സ് കണ്ടെത്തി. മരാമത്ത് പ്രവർത്തികളിലെ അപാകതകളും സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

വനം വകുപ്പിന്റെ കേരളത്തിലെ 36 ഡിവിഷണൽ ഫോറസ്റ്റ് ഓഫിസുകളിലെ വനം വികസന ഏജൻസികളിലും തിരഞ്ഞെടുത്ത 38 ഇക്കോ ടൂറിസം സൈറ്റുകളിലും, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി/വനം സംരക്ഷണ സമിതികളിലുമായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിലും പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോന്റെ നേതൃത്വത്തിലുമായിരുന്നു മിന്നല്‍ പരിശോധന.

Eng­lish Sum­ma­ry: oper­a­tion jun­gle safari
You may also like this video

Exit mobile version