തെലങ്കാനയിലെ ‘ഓപ്പറേഷൻ താമര’യുമായി ബന്ധപ്പെട്ട കേസിൽ എൻഡിഎ കേരള കൺവീനറും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടാണ് നോട്ടീസ് നൽകിയത്. തുഷാർ വെള്ളാപ്പള്ളിയുടെ അഭിഭാഷകനായ സിനിൽ മുണ്ടപ്പള്ളിയാണ് നോട്ടീസ് കൈപ്പറ്റിയത്.
കഴിഞ്ഞ 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് തുഷാർ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെലങ്കാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണം എന്നുമായിരുന്നു തുഷാറിന്റെ ആവശ്യം. അന്വേഷണവുമായി സഹകരിക്കണം എന്ന വ്യവസ്ഥയിൽ തുഷാറിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് തെലങ്കാന പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. തെലങ്കാന സർക്കാരിനെ അട്ടമറിക്കുക എന്ന ഉദ്ദേശ്യത്തോടെ ടിആർഎസ്സിന്റെ നാല് എംഎൽഎമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ തുഷാർ വെള്ളാപ്പള്ളി ഏജന്റുമാരെ നിയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേരത്തെ പുറത്ത് വിട്ടിരുന്നു.
ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോർഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെസിആർ ‘ഓപ്പറേഷൻ ലോട്ടസ് ’ ആരോപണം നടത്തിയത്.
English Summary: Operation Lotus; Notice again to Tushar Vellapally
You may also like this video