കേരള പൊലീസിന്റെ സൈബർഡോമിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പൊലീസ് സിസിഎസ്ഇ (കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) ടീമിന്റെ ഓപ്പറേഷൻ പി ഹണ്ടിന് കീഴിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും. കേസുകളുമായി ബന്ധപ്പെട്ട് 315 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പി-ഹണ്ട് എന്ന പേരിൽ പ്രത്യേക ഓപ്പറേഷൻ സംസ്ഥാന പൊലീസ് ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവർത്തനം കൃത്യമായി സൈബർ ഡോം നിരീക്ഷിക്കുന്നുണ്ട്. ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന 3794 കേന്ദ്രങ്ങൾ കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങൾ സൈബർ സെല്ലുകളിലെ അംഗങ്ങൾ, സാങ്കേതിക വിദഗ്ധർ, വനിതാ വിഭാഗം, ജില്ലാ പൊലീസ് മേധാവി എന്നിവരടങ്ങുന്ന 280 ടീമുകൾക്ക് കൈമാറി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ റെയ്ഡിൽ രജിസ്റ്റർ ചെയ്ത 1363 കേസുകളിലായി 2425 ഉപകരണങ്ങൾ ടീമുകൾ പിടിച്ചെടുത്തു.
കുട്ടികളുടെ നിയമവിരുദ്ധ വീഡിയോകൾ, ചിത്രങ്ങൾ എന്നിവ സൂക്ഷിച്ചിട്ടുള്ള മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മുതലായവയാണ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നത്.
English Summary: Operation P‑Hunt 1363 cases so far
You may like this video also