Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍ ; 23 മിനിറ്റില്‍ ആക്രമണം പൂര്‍ത്തിയാക്കി

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. നിയന്ത്രണ രേഖയോ അതിര്‍ത്തിയോ കടക്കാതെയാണ് പ്രത്യാക്രമണം നടത്തിയത്. പരമ്പരാഗത വ്യോമ പ്രതിരോധ സംവിധാനങ്ങളായ പെച്ചോര ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചു. പത്ത് ഉപഗ്രഹങ്ങളാണ് മിഷന്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്. ചൈനീസ് പ്രതിരോധ സംവിധാനങ്ങളെ ബൈപാസ് ചെയ്യാന്‍ ഇന്ത്യക്കായി. 23 മിനിറ്റ് കൊണ്ട് ആക്രമണം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. പാകിസ്ഥാനിലെ സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പി‌എ‌എഫ് യുദ്ധവിമാനങ്ങളും തകർന്നു. പാക് വ്യോമസേനയുടെ എഫ്-16, ജെ-17 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു. സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാന്റെ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50ലധികം സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ നിരവധി ബങ്കറുകളും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളും തകർന്നതായും പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യന്‍ നടപടിക്ക് പിന്നാലെ പാകിസ്ഥാനും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള നയതന്ത്ര നടപടികളുടെ ഭാഗമായി ഹൈക്കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം 30 ആയി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. അതിനിടെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ ഇന്ത്യക്ക് കത്തയച്ചു. പാകിസ്ഥാന്‍ ജല വിഭവ സെക്രട്ടറിയാണ് കേന്ദ്ര ജലശക്തി മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചത്. നദീജല കരാര്‍ ലംഘിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് കത്തില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാര്‍ മരവിപ്പിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് പിന്‍വലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. 

Exit mobile version