Site iconSite icon Janayugom Online

പ്രതിപക്ഷ വേട്ട: 31 ന് മഹാറാലി; ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നു

protestprotest

മോ‍‍ഡി സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികളിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും പ്രതിഷേധിച്ച് ഇന്ത്യ മുന്നണി 31ന് ഡല്‍ഹി രാംലീല മൈതാനിയിൽ മഹാ റാലി നടത്തും. രാജ്യതാല്പര്യവും ജനാധിപത്യവും സംരക്ഷിക്കാനാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പ്രതിപക്ഷ പാർട്ടികൾക്ക് രാജ്യത്ത് ഇടം നല്‍കുന്നില്ലെന്ന് കോൺഗ്രസ് ഡൽഹി ഘടകം മേധാവി അരവിന്ദർ സിങ് ലൗലി പറഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ അറസ്റ്റിനെതിരെയല്ല മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുകയെന്ന് എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു. ഏകാധിപത്യം സ്വീകരിച്ച് ജനാധിപത്യം ഇല്ലാതാക്കിയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ മോഡി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി 28 വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയുള്ള നടപടി പ്രതിപക്ഷശക്തി ചോർത്തിക്കളയാനാണെന്ന ആരോപണം ശക്തമാണ്. കെജ്‌രിവാളിന്റെ അറസ്റ്റിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിലും ഇന്ത്യ മുന്നണി നേതാക്കള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ആശങ്ക അറിയിച്ചിരുന്നു. 

അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. എഎപി നേതൃത്വത്തില്‍ ഇന്നലെ മെഴുകുതിരി മാര്‍ച്ച് നടത്തി. മോഡിയുടെ കോലം കത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി പൊലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. മധ്യ ഡല്‍ഹിയിലെ ബിജെപി, എഎപി ആസ്ഥാനങ്ങളിലേക്കും ഇഡി ഓഫിസിലേക്കും പോകുന്ന റോഡുകള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. 

Eng­lish Sum­ma­ry: Oppo­si­tion hunt­ing: Mahar­al­li on 31; Protests con­tin­ue in Delhi

You may also like this video

Exit mobile version