Site iconSite icon Janayugom Online

പ്രതിപക്ഷ നേതാവ് മാപ്പ് പറയണം: മന്ത്രി പി രാജീവ്

ഹൈക്കോടതി പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് ഈ നാടിനോട് മാപ്പ് പറയുകയാണ് വേണ്ടതെന്ന് വ്യവസായ മന്ത്രി പി രാജീവ്. യാതൊരു തെളിവുമില്ലാതെ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും ഈ ഘട്ടത്തിൽ കോടതി തയ്യാറായില്ല. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ പോലും കോടതി തയ്യാറായില്ല എന്നത് പ്രതിപക്ഷ നേതാവിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കണ്‍മുന്നിൽ ഒരു തെളിവുമില്ലാതെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെ തകർക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ് എന്നല്ലേ മലയാളികൾ മനസിലാക്കേണ്ടത്? 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി തകർക്കാൻ ശ്രമിച്ചുകൊണ്ട് അങ്ങേയറ്റം ജനവിരുദ്ധവും കേരള വിരുദ്ധവുമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. 

ഇതിനൊപ്പം കെ-ഫോൺ പദ്ധതിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത കെൽട്രോണിനെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനും പ്രതിപക്ഷ നേതാവ് ഹർജിയിലൂടെ ശ്രമിച്ചു. ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലുൾപ്പെടെ പങ്കെടുത്ത് കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഇകഴ്ത്തിക്കാണിക്കാൻ അദ്ദേഹം എന്തിനാണ് ശ്രമിക്കുന്നതെന്ന് പി രാജീവ് ചോദിച്ചു.

ഇത് ഒറ്റപ്പെട്ട സംഭവമായി നമുക്ക് കാണാൻ സാധിക്കുകയില്ല. കേരളത്തിലെ എല്ലാ വികസന പദ്ധതികൾക്കുമെതിരെ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. എഐ കാമറ, വയനാട്ടിലെ തുരങ്കപാത തുടങ്ങിയവയിലെല്ലാം ഇതായിരുന്നു നിലപാട്. ഇങ്ങനെ കേരളത്തിലെ വികസന കാര്യങ്ങളിലെല്ലാം പിന്തിരിപ്പൻ സമീപനം കൈക്കൊള്ളുന്ന അദ്ദേഹത്തിന് തിരിച്ചറിവുണ്ടാകാനുള്ള തിരിച്ചടിയാണ് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. 

Eng­lish Summary;Opposition leader should apol­o­gise: Min­is­ter P Rajeev

You may also like this video 

Exit mobile version