ജനാധിപത്യ വിമുക്തവും പ്രതിപക്ഷ മുക്തവുമായ പാർലമെന്റാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയാണ് നരേന്ദ്രമോഡി-അമിത്ഷാ പ്രഭൃതികൾ നയിക്കുന്ന ബിജെപിയും ഇരുസഭകളിലും അംഗങ്ങളായ ഈ സ്വേച്ഛാധിപതികളുടെ അനുചരവൃന്ദവും. പ്രതിപക്ഷത്തെ 141 അംഗങ്ങളെയാണ്, ലോകത്ത് ഒരു രാജ്യത്തും കേട്ടുകേൾവിപോലുമില്ലാത്തവിധം, ഇന്ത്യയുടെ പാർലമെന്റിൽനിന്നും ഇതിനകം സസ്പെൻഡ് ചെയ്തത്. മുഴുവൻ പ്രതിപക്ഷ അംഗങ്ങളെയും പുറത്താക്കിയാലേ അപമാനകരവും അപലപനീയവുമായ ഈ രാഷ്ട്രീയ അസംബന്ധനാടകത്തിന് അറുതിയാവു എന്ന് പ്രതിപക്ഷ രാഷ്ട്രീയവൃത്തങ്ങളും നിരീക്ഷകരും ഭയപ്പെടുന്നു. നിലവിലുള്ള പാർലമെന്റ് അംഗങ്ങളെന്ന പ്രയോജനംപോലും പ്രതിപക്ഷാംഗങ്ങൾക്ക് ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ നിഷേധിക്കാൻ വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്താനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നുവേണം കരുതാൻ. ഡിസംബർ 13ന് പാർലമെന്റിൽ സംഭവിച്ച ഗുരുതരമായ സുരക്ഷാവീഴ്ചയെപ്പറ്റി പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭകളിലോ രാജ്യത്തോടോ സംസാരിക്കാൻ തയ്യാറാവണമെന്ന പ്രതിപക്ഷത്തിന്റെ തികച്ചും സ്വാഭാവികവും ന്യായവുമായ ആവശ്യത്തിനുള്ള മറുപടിയായാണ് കൂട്ട സസ്പെൻഷൻ നടപടി. ഇരുവരും പാർലമെന്റിനോടുള്ള ഉത്തരവാദിത്തം നിർവഹിക്കാതെ സ്വകാര്യമാധ്യമങ്ങളോട് പ്രതികരിക്കുകയുമുണ്ടായി.
2001ൽ പാർലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തെതുടർന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ തങ്ങളുടെ മുൻഗാമികളായ അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയ് കാണിച്ച ജനാധിപത്യ മര്യാദയും ആഭ്യന്തരമന്ത്രി ലാൽകൃഷ്ണ അഡ്വാനി കാണിച്ച പാർലമെന്ററി ഉത്തരവാദിത്തബോധവും മോഡി-ഷാ സ്വേച്ഛാധികാരദ്വയങ്ങളിൽനിന്നും ആരും പ്രതീക്ഷിക്കരുതെന്നാണ് അവർ രാജ്യത്തിന് നൽകുന്ന സന്ദേശം. 1966 നവംബർ ഏഴിന് അന്നത്തെ ജനസംഘത്തിന്റെ നേതൃത്വത്തിൽ ഗോവധനിരോധനം ആവശ്യപ്പെട്ട് ഒരുപറ്റം സാധുക്കൾ പാർലമെന്റിനും പരിസരത്തുള്ള പൊതു കെട്ടിടസമുച്ചയങ്ങൾക്കുംനേരെ നടത്തിയ ആക്രമണത്തെത്തുടർന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ഗുൽസാരിലാൽ നന്ദയ്ക്ക് തൽസ്ഥാനം നഷ്ടമായി. രാഷ്ട്രാധികാരം കയ്യാളുന്നവർ തങ്ങളുടെ ചെയ്തികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നത് മഹത്തായ ജനാധിപത്യ പാരമ്പര്യമാണ്. സ്വേച്ഛാധിപതികളിൽനിന്നും അത് പ്രതീക്ഷിക്കുക അസ്ഥാനത്താണ്. ഒരു ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രത്തിന്റെ പാർലമെന്റിൽ നടക്കാൻ പാടില്ലാത്ത സംഭവപരമ്പരകളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി മോഡിയുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിൽ അരങ്ങേറുന്നത്. പ്രഥമ പൗരയും വിധവയും ആദിവാസി ജനവിഭാഗത്തിൽനിന്നുമുള്ള ദ്രൗപദി മുർമുവിനെ അപ്പാടെ അവഗണിച്ച് മതപരമായ വിചിത്ര ചടങ്ങുകളോടെ ഉദ്ഘാടനംചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ച് മോഡിയും കൂട്ടരും നടത്തിയ അവകാശവാദങ്ങളെയാകെ പൊളിച്ചടുക്കിയ സുരക്ഷാ പാളിച്ചയാണ് ഇപ്പോൾ ഉണ്ടാ യ മതപരമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് രാഷ്ട്രപതിയെപ്പോലും തീണ്ടാപ്പാടകലെ നിർത്തിയ ഉദ്ഘാടനച്ചടങ്ങുകൾക്ക് കാരണമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
ഇതുകൂടി വായിക്കൂ: ഇത് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ച
പാർലമെന്റിൽ അതിക്രമിച്ചുകയറിയവർക്ക് അതിനുള്ള അവസരം സൃഷ്ടിച്ച ബിജെപി എംപിയുടെ നടപടിയെ അപലപിക്കാനോ അയാളെ ശാസിക്കാനോപോലും തയ്യാറാവാത്തവരാണ് സുരക്ഷാവീഴ്ചയെപ്പറ്റി പാർലമെന്റിൽ പ്രസ്താവന നടത്താനും ചർച്ചയ്ക്കും തയ്യാറാവണമെന്ന ആവശ്യം ഉന്നയിച്ച പ്രതിപക്ഷത്തെ കൂട്ടത്തോടെ സഭയിൽനിന്നും പുറത്താക്കുന്നത്. വിഷയം പാർലമെന്റിന്റെ സുരക്ഷയുടെ മാത്രം പ്രശ്നമല്ല എന്ന ഉത്തമബോധ്യമാണ് ഈ ജനാധിപത്യവിരുദ്ധ നടപടിക്ക് പിന്നിലെ ചേതോവികാരം. പാർലമെന്റിനുള്ളിലും പുറത്തും പ്രകടനം നടത്തിയ ചെറുപ്പക്കാർ ഉന്നയിച്ച മൗലിക പ്രശ്നങ്ങൾ മോഡി സർക്കാരിനെയും ബിജെപി-സംഘ്പരിവാർ ശക്തികളെയും വരാൻപോകുന്ന തെരഞ്ഞെടുപ്പിലും തുടർന്നും വേട്ടയാടും. ഏകാധിപത്യം, തൊഴിലില്ലായ്മ, കർഷകരുടെയും തൊഴിലാളികളുടെയും കൊടിയ ദുരിതാവസ്ഥ, സ്ത്രീകളുടെ അരക്ഷിതാവസ്ഥ, മണിപ്പൂരിലെ വംശീയഹത്യ തുടങ്ങി മോഡി സര്‍ക്കാരിനെ ഉത്തരംമുട്ടിക്കുന്ന ഒട്ടനവധി ചോദ്യങ്ങളാണ് അവർ ഭരണകൂടത്തിന്റെയും രാഷ്ട്രത്തിന്റെയും മുന്നിൽ ഉന്നയിക്കാൻ ശ്രമിച്ചത്. അത് മോഡി ഭരണകൂടത്തിന്റെ ആത്മവിശ്വാസത്തെ തകർക്കാൻപോന്ന വെല്ലുവിളിയായിരുന്നു. അതിന്റെ ഞെട്ടലിൽനിന്ന് മോഡി-ഷാ പ്രഭൃതികൾ മോചിതരായിട്ടില്ല. അതുകൊണ്ടുതന്നെയാണ് കപട ഹിന്ദുത്വത്തിന്റെ മാളങ്ങളിൽനിന്നും പുറത്തുവരാനും രാഷ്ട്രത്തെയും പാർലമെന്റിനെയും അഭിമുഖീകരിക്കാനും അവർ വിസമ്മതിക്കുന്നത്.
പാർലമെന്റിൽ ഉണ്ടായ സുരക്ഷാവീഴ്ചയെപ്പറ്റിയുള്ള ഉന്നതതല അന്വേഷണം നടക്കുകയാണ്. യജമാനശബ്ദം മാത്രം പ്രതിധ്വനിപ്പിക്കുന്ന മൃഗങ്ങളുടെ അവസ്ഥയിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഏതാണ്ടെല്ലാംതന്നെ. അതുകൊണ്ടുതന്നെ അവയിൽ ഏറെ പ്രത്യാശ വച്ചുപുലർത്തുന്നത് അസ്ഥാനത്തായിരിക്കും. എതിർശബ്ദം ഉയർത്തുന്നവരെയും വിമർശനം ഉന്നയിക്കുന്നവരെയും രാജ്യദ്രോഹികളും നഗര നക്സലുകളും തുക്കടെ തുക്കടെ ഗാങ്ങുകളുമായി മുദ്രകുത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അന്വേഷണത്തിനും വിചാരണയ്ക്കും മുമ്പേ വിധിപ്രഖ്യാപിക്കുന്നതാണ് ആ അന്തരീക്ഷം. പ്രതിപക്ഷത്തെ ഒന്നായി പാർലമെന്റിൽനിന്ന് പുറത്താക്കി അഡാനി ഓഹരിയുടമകളുടെ വിഹാരരംഗമാക്കി പാർലമെന്റിനെ മാറ്റുകയാണ് നരേന്ദ്രമോഡിയുടെ ലക്ഷ്യമെന്ന് നേരത്തെ പുറത്താക്കപ്പെട്ട തൃണമൂൽ എംപി മഹുവ മൊയ്ത്രയുടെ പരിഹാസം അസ്ഥാനത്തല്ല. അതിനെ പ്രതിരോധിക്കാൻ ജനതയുടെ രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന് മാത്രമേ കഴിയു. ഇന്ത്യൻ ജനതയുടെ ആ വിവേകത്തിന് രാഷ്ട്രം മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയും അതാവർത്തിക്കാനുള്ള ആത്മവിശ്വാസവും തിരിച്ചടിക്കാനുള്ള കരുത്തും ഇന്ത്യൻ ജനതയ്ക്ക് വേണ്ടുവോളമുണ്ട്.