Site iconSite icon Janayugom Online

2023 അവസാനം തെരഞ്ഞെടുപ്പിന് ‘ഇന്ത്യ’ തയ്യാറാകണം

ദേശീയതലത്തില്‍ പ്രതിപക്ഷപാർട്ടികള്‍ പുതുതായി രൂപീകരിച്ച സഖ്യത്തിന്-‘ഇന്ത്യ’-സംയുക്ത പ്രചാരണത്തിന്റെയും സീറ്റ് ക്രമീകരണത്തിന്റെയും നേട്ടം ലഭിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ ഉപദേശക സംഘവും പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയെന്ന് എന്‍ഡിഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. പട്‌നയ്ക്കു ശേഷമുള്ള പ്രതിപക്ഷ യോഗത്തിന്റെ പ്രാധാന്യത്തെ, പ്രധാനമന്ത്രി മോഡിയും ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും പരസ്യമായി എത്രതള്ളിപ്പറഞ്ഞാലും ബിജെപി നേതൃത്വം ആശങ്കയിലാണ്. ഏറ്റവും പുതിയ സംഭവവികാസങ്ങളനുസരിച്ച് കാലാനുസൃതം പുതുക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ‘ഇന്ത്യ’യുടെ തീരുമാനങ്ങള്‍ വിലയിരുത്താൻ സംവിധാനമൊരുക്കിക്കഴിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം ബാക്കിനിൽക്കെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് വിശകലന വിദഗ്ധർ പുറത്തുവിട്ട കണക്കുകളില്‍ കാവിപ്പടക്ക് ആശങ്കയുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലായി ലോക്‌സഭയില്‍ ആകെ സീറ്റുകൾ 65. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 61 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് കേവലം മൂന്ന് മാത്രം. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ്. മധ്യപ്രദേശിൽ മാത്രം ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കോൺഗ്രസ് നേതാവ് കമൽനാഥിനെക്കാൾ മുന്നിലാണ്. എന്നാൽ ഇവിടെയും സീറ്റുകള്‍ തമ്മിലുള്ള അന്തരം കുറയുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീന മണ്ഡലങ്ങളിലെ മുന്നേറ്റമാണ് കോൺഗ്രസിന്റെ വലിയ നേട്ടം. നിലവില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സംഘടനാ ശേഷി ശക്തമാണ്. ശിവരാജ് സിങ്ങിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണ് കമൽനാഥ് നടത്തുന്നത്. ഈ ലക്ഷ്യവും സാധ്യതയുടെ പരിധിക്കുള്ളിലാണെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് സംസ്ഥാനങ്ങളിലും ‘ഇന്ത്യ’യിലെ സഹകക്ഷികളുമായി ഇടപെടുന്നതിൽ പക്വതയുടെ ലക്ഷണങ്ങൾ കാണിക്കുന്ന കോൺഗ്രസിന് വലിയ നേട്ടം നൽകുമെന്ന് ഉറപ്പാണ്. സെപ്റ്റംബർ മുതൽ കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയുള്ള രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര കോൺഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്. ഈ രണ്ടാംഘട്ട യാത്ര മഹാരാഷ്ട്രയിലും ഗുജറാത്തിലും ചലനമുണ്ടാക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളും ബിജെപിക്ക് നിർണായകമാണ്. 2019ല്‍ ഗുജറാത്തിൽ 26ൽ 26ഉം മഹാരാഷ്ട്രയിലെ 48ൽ 23ഉം ബിജെപിക്ക് ലഭിച്ചു. ഗുജറാത്തിൽ സീറ്റുകൾ നഷ്ടപ്പെടുന്നത് ബിജെപിക്ക് താങ്ങാനാവില്ല. എന്നാൽ 2024ൽ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മൂന്ന് പതിറ്റാണ്ടായി ബിജെപി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനത്ത് ഭരണവിരുദ്ധത അതിവേഗം വളരുകയാണ്.
ബംഗളൂരു യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായി കോൺഗ്രസും എഎപിയും തമ്മിലുണ്ടാകുന്ന സീറ്റ് വിഭജനം ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കും. ധാരണയിലെത്തിയാൽ കോൺഗ്രസിനും എഎപിക്കും ഗുജറാത്തിൽ വിജയസാധ്യതയുണ്ടാകും. ഗുജറാത്തിൽ നിന്നുള്ള സമ്പൂർണ ആധിപത്യത്തിന്റെ തകര്‍ച്ച ഇല്ലാതാക്കാന്‍ ഇന്ത്യയുടെ സീറ്റ് പങ്കിടൽ വരെ ബിജെപി കാത്തിരിക്കാനിടയില്ല. 80 സീറ്റുകളുള്ള ഉത്തർപ്രദേശിലും ഇതുതന്നെയാണ് സ്ഥിതി. 2019ല്‍ 60ലേറെ സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സമാജ്‌വാദി പാർട്ടിയാണ് അവരുടെ എതിരാളി. എസ്‌പി ‘ഇന്ത്യ’യുടെ ഭാഗമാണ്. ശക്തി കേന്ദ്രമെന്ന നിലയില്‍ കോൺഗ്രസും എസ്‌പിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. ദളിതുകളുടെയും മുസ്ലിങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എസ്‌പിയും ബിഎസ്‌പിയിൽ നിന്ന് ദളിതരെ അടര്‍ത്താനുള്ള ശ്രമത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്‌പി-കോൺഗ്രസ് സീറ്റ് വിഭജനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയിച്ചാൽ യുപിയിൽ നിന്ന് പരമാവധി സീറ്റുകൾ നേടുകയെന്ന ബിജെപി മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഹിന്ദി സംസാരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ 2024ൽ ബിജെപിക്ക് കനത്ത തോൽവിയാണ് പ്രവചിക്കുന്നത്. എങ്കിലും യുപിയിൽ ബിജെപിക്ക് തോൽക്കാൻ കഴിയില്ല. അതുകൊണ്ട് സമയമാണ് വിജയത്തിന്റെയും തോൽവിയുടെയും സത്തയെന്നും ‘ഇന്ത്യ’യെ ഏകീകരിക്കാനും അതിന്റെ ആശയം നടപ്പിലാക്കാനും അനുവദിക്കരുതെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിദഗ്ധർ കരുതുന്നു. തക്കംകിട്ടുമ്പോള്‍ മോഡി ‘ഇന്ത്യ’യെ ആക്രമിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.


ഇതുകൂടി വായിക്കൂ: ബംഗാളില്‍ രക്തംപുരണ്ട ജനാധിപത്യഹത്യ


2004ൽ പ്രധാനമന്ത്രി എ ബി വാജ്‌പേയ്, സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ‑മേയ് മാസങ്ങളിൽ നടത്തുമെന്ന് പെട്ടെന്ന് പ്രഖ്യാപിച്ചു. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണമായിരുന്നു ബിജെപി മുന്നോട്ടുവച്ചത്. എന്നാല്‍ കോൺഗ്രസുൾപ്പെടെ പ്രതിപക്ഷ നേതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് വാജ്പേയ് തോറ്റു.
1999ൽ, കാർഗിൽ യുദ്ധത്തിലെ വിജയത്തിന് പിന്നാലെയും വാജ്‌പേയ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ആ തെരഞ്ഞെടുപ്പിൽ എൻഡിഎയും ബിജെപിയും നേട്ടം കൈവരിച്ചു. 2019ൽ നിശ്ചിത തീയതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയിൽ പുല്‍വാമ ആക്രമണവും ബാലാകോട്ട് തിരിച്ചടിയും നടന്നു. തെരഞ്ഞെടുപ്പിൽ സാധാരണക്കാരുടെ ദേശീയ വികാരത്തിന്റെ നേട്ടം നരേന്ദ്ര മോഡി ചൂഷണം ചെയ്തു. പാർട്ടിയുടെ ചരിത്രത്തിൽ അഭൂതപൂർവമായ 303 സീറ്റുകൾ ബിജെപിക്ക് ലഭിച്ചു. 2024 ഏപ്രിൽ, മേയ് മാസങ്ങളിൽ ആണ് സാധാരണനിലയ്ക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എട്ട് മാസങ്ങൾ അവശേഷിക്കുന്നു. അമിത് ഷായ്ക്കൊപ്പം എൻഡിഎയുടെ മുഖ്യ തന്ത്രജ്ഞനായ നരേന്ദ്ര മോഡി ഇറക്കുന്ന തുറുപ്പ്ചീട്ട് എന്തായിരിക്കും എന്നത് ദുരൂഹമാണ്. കാലാവധി തീരുംവരെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമോ? അതേരീതിയില്‍ അടുത്ത തെരഞ്ഞെടുപ്പിനെ സമീപിക്കുമോ എന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിനു മുന്നിലെ ഇപ്പോഴത്തെ ചോദ്യം.
അവലംബം: എ‌െപി‌എ

Exit mobile version