Site iconSite icon Janayugom Online

വിദൂര വോട്ടിങ് യന്ത്രം: പ്രതിപക്ഷം എതിര്‍ക്കും

റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ആർവിഎം) നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശത്തെ എതിർക്കാൻ പ്രതിപക്ഷ പാർട്ടികള്‍. സിപിഐ, സിപിഐ (എം), കോണ്‍ഗ്രസ്, ജനതാദൾ (യു), നാഷണൽ കോൺഫറൻസ്, ഝാർഖണ്ഡ് മുക്തി മോർച്ച എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ നേതൃയോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആർവിഎം പ്രോട്ടോടൈപ്പിന്റെ പ്രകടനം ഇന്ന് രാഷ്ട്രീയ പ്രതിനിധികള്‍ക്ക് മുമ്പില്‍ നടക്കാനിരിക്കുന്നതിന്റെ മുന്നോടിയായാണ് പ്രതിപക്ഷം യോഗം ചേര്‍ന്നത്. കുടിയേറ്റ തൊഴിലാളികളുടെ നിർവചനത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ ഉൾപ്പെടെ, നിരവധി ആശങ്കകളാണ് ആര്‍വിഎം ഉയർത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് പറഞ്ഞു. ആർവിഎം സംബന്ധിച്ച് കമ്മിഷനോട് ഉന്നയിക്കാനുള്ള ചോദ്യങ്ങളും ചർച്ച ചെയ്തു. ഇതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം പിന്നീട് പരിഗണിക്കുമെന്നും പ്രതിപക്ഷം ഈ വിഷയത്തിൽ സംയുക്ത നിലപാട് സ്വീകരിക്കുമെന്നും സിങ് പറഞ്ഞു.

സമാജ്‍വാദി പാർട്ടിയും എന്‍സിപിയും യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പ്രതിപക്ഷ നിലപാടിനോട് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനായാണ് വിദൂരനിയന്ത്രിത ഇലക്ട്രോണിക് വോട്ടിങ് യന്ത്രം(ആര്‍വിഎം) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കാനൊരുങ്ങുന്നത്. അന്യ സംസ്ഥാനങ്ങളിൽ തൊഴില്‍തേടി കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സാധിക്കുമെന്നതാണ് റിമോട്ട് ഇവിഎമ്മിന്റെ പ്രത്യേകതയായി കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്. പരിഷ്കരിച്ച യന്ത്രത്തില്‍ 72ലധികം നിയോജക മണ്ഡലങ്ങളിലേക്ക് അകലെയുള്ള പോളിങ്സ്റ്റേഷനിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ സാധിക്കും.

കുടിയേറ്റ വോട്ടർമാർക്ക് വിദൂര വോട്ടിങ് സാധ്യമാക്കുന്നതിന്, നിയമപരവും ഭരണപരവും സാങ്കേതികവുമായ നിരവധി ഇടപെടലുകള്‍ ആവശ്യമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തര കുടിയേറ്റക്കാര്‍ ആരൊക്കെയാണെന്ന് നിർവചിക്കുക എളുപ്പമല്ല. ഒരു ആഭ്യന്തര കുടിയേറ്റക്കാരന്‍ എല്ലാ കാലത്തും നിശ്ചിത സ്ഥലത്ത് ഉണ്ടാകണമെന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും രാജ്യത്താകമാനമുള്ള ആഭ്യന്തരപ്രവാസികളെ കണ്ടെത്തുകയും ആവശ്യമായി വരുന്നിടത്തെല്ലാം റിമോട്ട് വോട്ടിങ് സൗകര്യം ഒരുക്കുകയും വേണം. തെരഞ്ഞെടുപ്പ് നടക്കുന്നതിന് പുറത്തുള്ള പ്രദേശത്ത് വിദൂര വോട്ടിങ് ബൂത്ത് തയ്യാറാക്കുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടം എങ്ങനെ നടപ്പാക്കുമെന്നതും വെല്ലുവിളിയാണ്.

Eng­lish Sum­ma­ry: Oppo­si­tion par­ties oppose the Elec­tion Com­mis­sion’s pro­pos­al to imple­ment remote elec­tron­ic vot­ing machines
You may also like this video

Exit mobile version