Site iconSite icon Janayugom Online

വിദൂര വോട്ടിങ്: തീരുമാനം മരവിപ്പിച്ചു , വോട്ടിങ് യന്ത്രത്തിന്റെ പ്രദര്‍ശനവും നടന്നില്ല

വിദൂര വോട്ടിങ് യന്ത്രം നടപ്പിലാക്കാനുള്ള തീരുമാനം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചു. യന്ത്രത്തിന്റെ മാതൃക പ്രദര്‍ശിപ്പിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുന്നയിച്ചതിനെ തുടര്‍ന്നാണിത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ എഴുതി നല്കുന്നതിന് നേരത്തേ അനുവദിച്ച ജനുവരി 31ല്‍ നിന്ന് ഫെബ്രുവരി 28ലേയ്ക്ക് സമയപരിധി നീട്ടുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ അനന്തര നടപടികള്‍ സ്വീകരിക്കൂ എന്ന് കമ്മിഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തിന്റെ പ്രദര്‍ശനവും നടന്നില്ല.

ഒട്ടേറെ ആശങ്കകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ഉന്നയിച്ചു. കുടിയേറ്റ വോട്ടര്‍മാരുടെ പട്ടിക തയാറാക്കുന്നത് ആരുടെ ചുമതലയായിരിക്കും, കുടിയേറ്റക്കാരെ വോട്ട് ചെയ്യിക്കുന്നതിനുള്ള പ്രക്രിയയുടെ ഉത്തരവാദിത്തം ഏത് സംസ്ഥാനത്തിനായിരിക്കും എന്നിവ വ്യക്തമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. വിദൂര വോട്ടിങ്ങല്ല, തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതിന് ഇന്ദ്രജിത് ഗുപ്ത കമ്മിഷന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഒരു സംസ്ഥാനത്തെ വോട്ടര്‍മാര്‍ മറ്റൊരു സംസ്ഥാനത്ത് വോട്ടവകാശം വിനിയോഗിക്കുന്ന പ്രക്രിയ നിര്‍ദ്ദേശിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടേണ്ടതായിരുന്നുവെന്നും രാജ അഭിപ്രായപ്പെട്ടു.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡയും യോഗത്തില്‍ പങ്കെടുത്തു. ഇപ്പോള്‍ അതാത് മണ്ഡലങ്ങളിലെ, പ്രത്യേകിച്ച് നഗരങ്ങളിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിന് നടപടിയെടുക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചു. ദിഗ് വിജയസിങ് (കോണ്‍ഗ്രസ്), നീലോല്‍പല്‍ബസു (സിപിഐ(എം) തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. എട്ട് ദേശീയ, 57 സംസ്ഥാന പാർട്ടി പ്രതിനിധികളെയാണ് കമ്മിഷന്‍ ഇന്നലത്തെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നത്. എന്‍ഡിഎ അനുകൂലികളായ ചില പാര്‍ട്ടികളൊഴികെ എല്ലാവരും റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ആർവിഎം) നടപ്പാക്കാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു. സിപിഐ, സിപിഐ (എം), കോണ്‍ഗ്രസ്, ജനതാദൾ (യു), നാഷണൽ കോൺഫറൻസ്, ഝാർഖണ്ഡ് മുക്തി മോർച്ച, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ നേതൃയോഗം ഞായറാഴ്ച ചേര്‍ന്ന് നിര്‍ദേശത്തിനെതിരെ നിലപാടെടുക്കുവാന്‍ തീരുമാനിച്ചിരുന്നു.

Eng­lish Sum­ma­ry: oppo­si­tion par­ties oppose the imple­ment remote elec­tron­ic vot­ing machines
You may also like this video

Exit mobile version