വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് മോഡി സര്‍ക്കാരിനെതിരെ ജനങ്ങള്‍ നേടിയ വിജയമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. നിയമം പിന്‍വലിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും കര്‍ഷകരുടെ സമരത്തിന് മുന്നില്‍ അഹങ്കാരം കീഴടങ്ങിയെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം പ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. കര്‍ഷകരെ രാജ്യദ്രോഹികളെന്നും ഗുണ്ടകളെന്നും വിളിച്ച് അവരെ അറസ്റ്റ് ചെയ്തുനീക്കിയ ബിജെപി തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യത്തിന് മുന്നിൽ പ്രധാനമന്ത്രിയെ മുട്ട് കുത്തിക്കാൻ കർഷകർക്ക് കഴിഞ്ഞുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. താങ്ങുവില നിയമപരമാക്കണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിനിമം താങ്ങുവിലയിൽ ഉല്പന്നങ്ങൾ വിൽക്കാൻ നിയമം നിർമ്മിക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.കര്‍ഷകരുടെ ത്യാഗമാണ് വിജയത്തിന് കാരണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു. എല്ലാ പഞ്ചാബികളുടെയും ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചതെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകര്‍ക്ക് വൈകി കിട്ടിയ നീതിയാണിതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു. കാര്‍ഷിക നിയമത്തിനെതിരേയുള്ള സമരത്തില്‍ കൊല്ലപ്പെട്ട 700ഓളം പേരെ എക്കാലവും ഓര്‍ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ‘എന്താണോ ഒരു ജനാധിപത്യ സമരത്തിലൂടെ നേടാന്‍ കഴിയാത്തത് അത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ഭയത്തിലൂടെ നേടാന്‍ കഴിഞ്ഞുവെന്ന്’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനാധിപത്യത്തില്‍ ജനങ്ങളുടെ ആഗ്രഹമാണ് നടപ്പിലാകേണ്ടത്. അതാണ് ചരിത്രം നമ്മേ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി പോരാടിയതിലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയതിലും അഭിമാനിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
english summary;opposition parties supports farmers victory
you may also like this video;
you may also like this video;