Site iconSite icon Janayugom Online

ബഫർസോണ്‍ വിഷയത്തിലും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നു: സിപിഐ(എം)

വിഴിഞ്ഞത്തിന് സമാനമായി ബഫർസോണ്‍ വിഷയത്തിലും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തി മുതലാക്കാനാണ് ശ്രമിക്കുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനെതിരായ സാമ്പത്തിക നിലപാടുകളില്‍ പ്രതിഷേധിച്ച് ജനുവരിയില്‍ നടത്തുന്ന പാര്‍ട്ടി പ്രക്ഷോഭ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 20 മുതൽ 31 വരെ പാര്‍ട്ടി ലോക്കൽ കമ്മിറ്റികള്‍ കേന്ദ്രീകരിച്ചാണ് കേന്ദ്രവിരുദ്ധപ്രക്ഷോഭ പ്രചാരണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രക്ഷോഭത്തിന്റെ മുന്നോടിയായുള്ള കൺവെൻഷൻ കോട്ടയത്ത് വച്ച് ചേരുമെന്നും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും എം വി ഗോവിന്ദന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാധ്യമരംഗത്തെ തെറ്റായ പ്രവണതകൾക്കെതിരായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ സ്വീകരിക്കും. കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുവാൻ ജനുവരി ഒന്ന് മുതൽ മൂന്ന് ആഴ്ച്ച നീണ്ടുനിൽക്കുന്ന ജനകീയ ഗൃഹസമ്പർക്കം നടത്തും.

ജിഎസ്‌ടി നഷ്ടപരിഹാര തുക നൽകണമെന്ന കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം ചെവികൊള്ളുന്നില്ല. സർക്കാരിന് കടം എടുക്കാനുള്ള സാധ്യത തന്നെ കേന്ദ്രം ഇല്ലാതാക്കിയിരിക്കുന്നു. കേരളത്തിന് നൽകുമെന്ന് പറഞ്ഞ ഒരു പദ്ധതിയും നൽകിയിട്ടില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ജനവിരുദ്ധമായ ഒരു നിലപാടും പാർട്ടിയും ഗവൺമെന്റും സ്വീകരിക്കുകയില്ല. റബ്ബറിന് നൽകികൊണ്ടിരിക്കുന്ന എല്ലാ പരിരക്ഷയും അവസാനിപ്പിക്കാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നയത്തിനെതിരായി കൃഷിക്കാർ അണിനിരക്കുന്ന ജനകീയ മുന്നേറ്റത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നൽകും. കേരളത്തെ ശ്വാസംമുട്ടിക്കുന്ന നിലയിലുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Eng­lish Sum­ma­ry: Oppo­si­tion par­ty spreads mis­un­der­stand­ing on buffer zone issue : CPI(M)
You may also like this video

Exit mobile version