Site iconSite icon Janayugom Online

വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം: ഇരു സഭകളും സ്തംഭിച്ചു

വിലക്കയറ്റവും പെട്രോള്‍ വിലവര്‍ധനയും ഉയര്‍ത്തി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം.

രാജ്യസഭ ആരംഭിച്ചയുടന്‍ പ്രതിപക്ഷ കക്ഷികള്‍ പെട്രോള്‍ വിലവര്‍ധനയ്ക്ക് എതിരെ രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവച്ചു.

ലോക്‌സഭയിലും സമാന രംഗങ്ങളാണ് അരങ്ങേറിയത്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് ചോദ്യവേള മുന്നോട്ടു കൊണ്ടു പോകാന്‍ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 12 വരെ ലോക്‌സഭയും നിര്‍ത്തി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില വര്‍ധനയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിരോധമാണ് പാര്‍ലമെന്റിന് അകത്തും പുറത്തും തീര്‍ത്തത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തി. രാജ്യത്തെ സാധാരണക്കാരില്‍ നിന്നും 10,000 കോടി രൂപ വസൂലാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിഷേധത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയ പെട്രോളിയം ഉല്പന്നങ്ങളുടെ വില 137 ദിവസങ്ങള്‍ക്ക് ശേഷമാണ് കുതിപ്പിലേക്ക് നീങ്ങിയത്.

ഇടതു പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി തുടങ്ങിയ കക്ഷികള്‍ വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് അടിയന്തര ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭയില്‍ സ്പീക്കര്‍ വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാമെന്ന് നിര്‍ദേശിച്ച് അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയാണുണ്ടായത്. ഇതോടെ ചോദ്യവേള ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Eng­lish Sum­ma­ry: Oppo­si­tion protests in Par­lia­ment against inflation

You may like this video also

Exit mobile version