Site iconSite icon Janayugom Online

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം: ബിനോയ് വിശ്വവും എളമരം കരീമും അടിയന്തര പ്രമേയ നോട്ടിസ് നൽകി

parliamentparliament

പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. രാജ്യസഭ നിർത്തിവച്ച് പെഗാസസ് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അടിയന്തര പ്രമേയ നോട്ടിസ് നൽകി. പുറത്തുവന്ന ഗുരുതര ആരോപണങ്ങളിൽ കേന്ദ്രം മറുപടി നൽകുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു. സിപിഐ(എം) അംഗം എളമരം കരീമും നോട്ടീസ് നല്‍കി. പെഗാസസ്, കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ വീഴ്ച എന്നിവയില്‍ ഭേദഗതി അവതരിപ്പിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്ക് അനുമതി നിഷേധിച്ചു.

പെഗാസസും ദേശീയ ധനസമ്പാദന പദ്ധതിയും ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിയും പ്രമേയം നൽകിയിരുന്നു. ഇതിനും അനുമതി ലഭിച്ചില്ല. പെഗാസസ് വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ സഭയ്ക്കകത്തോ, പുറത്തോ പ്രതികരണം നടത്തുന്നതു ശരിയായ നടപടിയാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്തുകൊണ്ടാണ് മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. ബിജെപി സര്‍ക്കാര്‍ രാജഭരണം എന്ന ആശയം ഇന്ത്യയില്‍ തിരികെക്കൊണ്ടുവന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 1947ല്‍ രാജഭരണം ഇല്ലാതാക്കിയിരുന്നു. എന്നാല്‍ ഇപ്പോൾ രാജാവ് എന്ന ആശയം വീണ്ടും വന്നിരിക്കുന്നു. മണിപ്പുരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് അമിത് ഷായുടെ വീട്ടില്‍ പ്രവേശിക്കുന്നതിന് ചെരിപ്പ് ഊരേണ്ടിവന്നതിനെയും രാഹുല്‍ വിമര്‍ശിച്ചു. നേതാക്കളെ അപമാനിച്ച വിഷയത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 12 മണിക്കൂറാണ് നന്ദി പ്രമേയ ചര്‍ച്ചയ്ക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കിയത്. ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റിന് പുറത്തും പെഗാസസ് വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു.

Eng­lish Sum­ma­ry: Oppo­si­tion protests in Par­lia­ment: Binoy Vish­wa and Ela­ma­ram Kareem issue urgent motion notice

You may like this video also

Exit mobile version