അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. രാവിലെ സമ്മേളിച്ച ഇരുസഭകളും ആദ്യം രണ്ടു വരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയാണുണ്ടായത്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ നോട്ടീസ് നല്‍കി. നോട്ടീസിന് അനുമതി നല്‍കാന്‍ രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും വിസമ്മതിച്ചതോടെ പ്രതിപക്ഷം പ്രതിഷേധരംഗത്തെത്തി.
അഡാനി കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയും പൊതുമേഖലാ ബാങ്കായ എസ്ബിഐയും നടത്തിയ നിക്ഷേപങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി സമിതിയോ സുപ്രീം കോടതി മേല്‍നോട്ടം വഹിക്കുന്ന സമിതിയോ അന്വേഷണം നടത്തണമെന്നും അന്വേഷണ പുരോഗതി എല്ലാ ദിവസവും പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യം മുന്നോട്ടുവച്ചു. ഇതിനോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതോടെ പ്രതിഷേധം ഉയര്‍ന്നു.
രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ സമ്മേളിച്ച പ്രതിപക്ഷ കക്ഷി നേതാക്കള്‍ വിഷയം ശക്തമായി സഭയ്ക്കുള്ളില്‍ ഉന്നയിക്കാന്‍ തീരുമാനമെടുത്തിരുന്നു. സിപിഐ രാജ്യസഭാ കക്ഷി നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെ ഇടതു പാര്‍ട്ടി നേതാക്കളും തൃണമൂല്‍, എഎപി, സമാജ്‌വാദി, ഡിഎംകെ, ജെഡിയു തുടങ്ങി 12 പാര്‍ട്ടികളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
English Summary:Opposition protests in Parliament; Opposition parties want JPC probe
You may also like this video