Site icon Janayugom Online

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

binoy viswam

ദേശീയ പണിമുടക്കും വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളും പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. പെട്രോള്‍ വിലവര്‍ധനയില്‍ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു.

ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം, വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ടു.

ദ്വിദിന ദേശീയ പണിമുടക്കിന്റെ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ നല്‍കിയ നോട്ടീസ് സര്‍ക്കാര്‍ നിരാകരിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തെ നിരവധി എംപിമാരാണ് സഭയില്‍ ഉന്നയിക്കാന്‍ അനുമതി തേടി ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇരുസഭകളിലും സര്‍ക്കാര്‍ വിഷയം ഉന്നയിക്കാനുള്ള അനുമതി നിഷേധിക്കുന്ന കാഴ്ചയാണുണ്ടായത്.

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് സര്‍ക്കാരിന്റെ കോര്‍പറേറ്റ്‌വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ അംഗം ബിനോയ് വിശ്വം റൂള്‍ 267 പ്രകാരം രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കിയിരുന്നു.

ഇടതു എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

Eng­lish Sum­ma­ry: Oppo­si­tion protests in Parliament

You may like this video

Exit mobile version