Site icon Janayugom Online

നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം; ഡാം സുരക്ഷാ നിയമം രാജ്യസഭ പാസാക്കി

protest

പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു തടസപ്പെട്ടു. രാജ്യസഭ രണ്ടുവട്ടവും ലോക്‌സഭ ഒരു വട്ടവും ഇന്നലെ നിർത്തിവച്ചു. വിലക്കയറ്റം, കാർഷിക പ്രശ്നങ്ങൾ, എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞത്.
തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങുന്ന കാഴ്ചയാണ് ഇരു സഭകളിലും ദൃശ്യമായത്. പ്രതിപക്ഷം പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുമ്പോഴും ലോക്‌സഭാ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞ് സമ്മേളിച്ച സഭ പ്രതിഷേധത്തെ തുടർന്ന് 2.20 വരെ നിർത്തിവച്ചു.
അംഗങ്ങളുടെ സസ്പെൻഷനിൽ നിന്നും പിന്നോട്ടില്ലെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷി എംപിമാർ ഇന്നലെയും രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയി. 12ന് സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടർന്നു. രാജ്യത്തെ രൂക്ഷമായ വിലക്കയറ്റം ഉയർത്തി കോൺഗ്രസ്, എൻസിപി, ആർജെഡി, ടിആർഎസ്, ഐയുഎംഎൽ അംഗങ്ങളും സഭയിൽ നിന്നും ഇറങ്ങിപ്പോയി. കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഡാം സുരക്ഷാ നിയമം രാജ്യസഭ പാസാക്കി. കോൺഗ്രസ്, ടിഎംസി, ഡിഎംകെ കക്ഷികൾ ബിൽ സൂക്ഷ്മ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ തള്ളി. അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, മെയിന്റനൻസ്, സുരക്ഷയോടെ അണക്കെട്ടുകൾ പ്രവർത്തിക്കുന്നു എന്നുറപ്പാക്കാനുള്ള സമിതി സ്ഥാപന സംവിധാനം തുടങ്ങിയവയാണ് ബിൽ ലക്ഷ്യം വയ്ക്കുന്നത്. ഡാം സുരക്ഷാ ബിൽ ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നു കയറ്റവുമാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു. 

Eng­lish Sum­ma­ry: Oppo­si­tion protests on the fourth day ; The Rajya Sab­ha passed the Dam Safe­ty Act

You may like this video also

Exit mobile version