പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും തടസപ്പെട്ടു. അഡാനി കൈക്കൂലി ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്. തുടര്‍ന്ന് സമ്മേളിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇരുസഭകളും നാളത്തേയ്ക്ക് പിരിയുകയായിരുന്നു.
ഇരു സഭകളിലും അടിയന്തര പ്രമേയത്തിനുള്ള നിരവധി നോട്ടീസുകളാണ് സമര്‍പ്പിച്ചത്. ലോക്‌സഭ സമ്മേളിച്ചയുടന്‍ അന്തരിച്ച നിലവിലെയും മുന്‍ അംഗങ്ങള്‍ക്കും ആദരം അര്‍പ്പിച്ച് 12 വരെ പിരിഞ്ഞു. വീണ്ടുംചേര്‍ന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ നാളത്തേക്ക് പിരിയുകയും ചെയ്തു. അഡാനി വിഷയമാണ് സഭാ നടപടികള്‍ തടസപ്പെടാന്‍ ഇടയാക്കിയതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി.
സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ സമ്മേളിച്ചിരുന്നു. സിപിഐ കക്ഷിനേതാവ് പി സന്തോഷ് കുമാര്‍, കെ രാധാകൃഷ്ണന്‍ സിപിഐ(എം) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
രാജ്യസഭയില്‍ സമാന സംഭവങ്ങളാണുണ്ടായത്. അഡാനി, സംഭാലിലെ മസ്ജിദ് സര്‍വേ സംഘര്‍ഷം, വയനാട് അവഗണന, മണിപ്പൂര്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍ 13 അടിയന്തര പ്രമേയ നോട്ടീസുകളാണ് ലഭിച്ചത്. അനുമതി നല്‍കാനാകില്ലെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ അറിയിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്ന് 11.45 ന് സഭ വീണ്ടും ചേര്‍ന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് പ്രതിപക്ഷം തയ്യാറായില്ല. ഇതോടെ രാജ്യസഭയും നാളേയ്ക്ക് പിരിഞ്ഞു.
ആരോഗ്യകരമായ ചര്‍ച്ചകള്‍ വേണം പാര്‍ലമെന്റില്‍ നടക്കാനെന്നും പരമാവധി അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും സഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സഭാ നടപടികള്‍ തടസപ്പെടുത്തനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുക്കുമെന്ന ബോധ്യം സഭാ നടപടികള്‍ക്ക് മുന്നേ സര്‍ക്കാരിനു വ്യക്തമാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളിലുണ്ട്.
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു തുടക്കം കുറിക്കും. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. രാജ്യവ്യാപകമായി വിവിധ പരിപാടികളാണ് ഒരു വര്‍ഷം സംഘടിപ്പിക്കുകയെന്ന് കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്രസിങ് ശെഖാവത്, കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.