കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്നും, രാഹുല്‍ഗാന്ധി ഒരു ആടുന്ന പാവമാത്രമാണെന്നും,ദേശീയ തലത്തില്‍ ബിജെപിക്കും സംസ്ഥാനങ്ങളില്‍ ചെറു പാര്‍ട്ടികള്‍ക്കും രാഷ്ട്രീയം കോണ്‍ഗ്രസ് അടിയറവ് വെച്ചിരിക്കുന്നു. ഇതെല്ലാം സംഭവിച്ചത് 8 വര്‍ഷമായി പക്വത ഇല്ലാത്ത ഒരാളെ നേതൃത്വത്തിലിരുത്താന്‍ ശ്രമിച്ചത് കൊണ്ടാണ് കോണ്‍ഗ്രസിനെ ഇന്നത്തെ ഈ അവസ്ഥയില്‍ കൊണ്ടുചെന്നത്തിച്ചതെന്നും പാര്‍ട്ടി വിട്ടമുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു
രാഹുല്‍ വന്നതോടെയാണ് കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത് എന്ന് അടിവരയിട്ട് പറയുന്നു. ഒന്ന്, രണ്ട് യുപിഎ സര്‍ക്കാര്‍ രൂപീകരണം സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിജയകരമായത് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചത് കൊണ്ടാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നില്ല എന്നതാണ് പ്രധാന ആരോപണം
രാജിക്കത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ ഇങ്ങനെ പോകുന്നു. 2013 ജനുവരിയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി നിയമിക്കപ്പെട്ടതിന് ശേഷം കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങളെടുക്കുന്ന രീതി പൂര്‍ണമായും തകര്‍ക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കളെല്ലാം തഴയപ്പെട്ടു. പാര്‍ട്ടി ഭരിക്കുന്നത് പരിചയ സമ്പത്ത് ഇല്ലാത്ത ഉപജാപകവൃന്ദമാണ്. രാഹുല്‍ ഗാന്ധിയുടെ പക്വത ഇല്ലായ്മയ്ക്ക് ഏറ്റവും വലിയ തെളിവാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത്.കോണ്‍ഗ്രസ് നേതൃത്വം രൂപം കൊടുത്ത് മന്ത്രിസഭയും പ്രധാനമന്ത്രിയും രാഷ്ട്രപതിയും അംഗീകരിച്ചതായിരുന്നു ആ ഓര്‍ഡിനന്‍സ്. രാഹുലിന്റെ പക്വത ഇല്ലാത്ത പെരുമാറ്റം പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും അധികാരത്തെ തകിടം മറിക്കുന്ന തരത്തിലായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഈ ഒരൊറ്റ പ്രവര്‍ത്തി കൊണ്ട് അപവാദ പ്രചാരണം നടത്താനും 2014ല്‍ യുപിഎ സര്‍ക്കാരിന്റെ തോല്‍വിക്ക് വഴിയൊരുക്കാനും കാരണമായി.സോണിയാ ഗാന്ധി അധ്യക്ഷയായതിന് ശേഷം 1998ലും 2003ലും 2013ലും കോണ്‍ഗ്രസ് നേതൃത്വം നിര്‍ണായക യോഗങ്ങള്‍ ചേരുകയുണ്ടായി. അതിന് ശേഷം ദൗര്‍ഭാഗ്യവശാല്‍ ഒരു തീരുമാനം പോലും പാര്‍ട്ടിയില്‍ നടപ്പാക്കപ്പെട്ടില്ല. 2013ല്‍ ജയ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കേണ്ട ആക്ഷന്‍ പ്ലാന്‍ താന്‍സമര്‍പ്പിച്ചിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാലത് കഴിഞ്ഞ 9 വര്‍ഷമായി എഐസിസി ഓഫീസിലെ സ്റ്റോര്‍ റൂമില്‍ പൊടി പിടിച്ച് കിടക്കുന്നു. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് നാണം കെട്ട് തോറ്റു.
2014നും 2022നും ഇടയില്‍ 49 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 39ലും തോറ്റു. ഇന്ന് കോണ്‍ഗ്രസ് ഭരണത്തിലുളളത് രണ്ടിടത്ത് മാത്രമാണ്. രണ്ടിടത്ത് സഖ്യസര്‍ക്കാരില്‍ അംഗവും. 2019ന് ശേഷം പാര്‍ട്ടിയില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ അപമാനിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയിലെ രാജി. തുടര്‍ന്ന് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ ആയെങ്കിലും രാഹുലിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഭരണം നടക്കുന്നു. സോണിയാ ഗാന്ധിയുടെ പദവി പേരിന് മാത്രമാണ്. സുപ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത് രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരോ പിഎമാരോ ആണ്.
ഇന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ആ ഉപജാപക വൃന്ദമാണ് ജമ്മു കശ്മീരില്‍ തന്റെ മോക്ക് ശവസംസ്‌ക്കാരം നടത്തിയതിന് പിന്നിലും കപില്‍ സിബലിന്റെ വീട് ആക്രമിച്ചതിന്റെ പിന്നിലും. പാര്‍ട്ടിയിലെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു എന്നത് മാത്രമാണ് തങ്ങള്‍ 23 പേര്‍ ചെയ്ത കുറ്റം.തിരിച്ച് വരവ് സാധ്യമല്ലാത്ത വിധം പാര്‍ട്ടി തകര്‍ന്നിരിക്കുന്നു. ഗുലാംനബി ആസാദ്പറയുന്നു. ഗുലാംനബി ആസാദിന്‍റെ കോണ്‍ഗ്രസില്‍ നിന്നുമുള്ള രാജി ശരിക്കും പാര്‍ട്ടി വൃത്തങ്ങളെ തെല്ലോന്നുമല്ല ആശങ്കിയിലാഴ്ത്തിയിട്ടുള്ളത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച കോൺഗ്രസ് നേതാക്കളുടെ കൂറുമാറ്റം.2018‑ൽ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസിനെ സഹായിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയായ കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2020 മാർച്ചിൽ രാജിവെക്കുന്നത്.
സിന്ധ്യയുടെ വിശ്വസ്തരായ 25 ലേറെ എംഎൽഎമാർ അവരുടെ നിയമസഭാ അംഗത്വം രാജിവച്ചത് മൂലം കമൽനാഥ് സർക്കാറിന്റെ തകർച്ചയ്ക്കും ഇടയാക്കി. പിന്നീട് ബിജെപിയിൽ ചേർന്ന സിന്ധ്യ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2021‑ലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. 1991 മുതൽ 1993 വരെ അദ്ദേഹത്തിന്റെ പിതാവും അന്തരിച്ച കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യ വഹിച്ചിരുന്ന സിവിൽ ഏവിയേഷൻ വകുപ്പ് തന്നെ ബി ജെ പി അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഒരു പ്രമുഖ ബ്രാഹ്മണ മുഖമായിരുന്നു ജിതിൻ പ്രസാദ. യൂത്ത് കോൺഗ്രസിൽ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രസാദ 2004‑ൽ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് മന്ത്രിയായിരുന്നു.
2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയും കോൺഗ്രസ് അദ്ദേഹത്തിന് നല്‍കി. എന്നാൽ, പശ്ചിമ ബംഗാളിൽ പാർട്ടി നാണംകെട്ട തോൽവിയായിരുന്നു നേരിട്ടത്. 2021 ജൂണിൽ പ്രസാദ ബിജെപിയിൽ ചേരുകയും ആദിത്യനാഥ് മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്തു.2015 ലെ പാട്ടിദാർ ക്വാട്ട പ്രതിഷേധങ്ങളുടെ മുഖമായിട്ടാമ് ഹാർദിക് പട്ടേൽ ഉയർന്നുവരുന്നത്. ചില രാഷ്ട്രീയ പണ്ഡിതന്മാർ അദ്ദേഹത്തെ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ ഭാവി നേതാവായി പോലും പ്രവചിക്കപ്പെട്ടു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നെങ്കിലും ഗുജറാത്തിലെ എല്ലാ പാർലമെന്റ് സീറ്റുകളും ബിജെപി തൂത്തുവാരിയത് അദ്ദേഹത്തിനും തിരിച്ചടിയായി. പിന്നീട് ഈ വർഷം ആദ്യമാണ് ഹർദ്ദിക് പട്ടേല്‍ ബി ജെ പിയില്‍ ചേർന്നത്.
2021‑ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച സുസ്മിത ദേവ് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള നേതാവും. കോൺഗ്രസിന്റെ വനിതാ വിഭാഗം ദേശീയ അധ്യക്ഷയായിരുന്നു. അസമിലെ പാർട്ടിയുടെ പ്രമുഖ മുഖങ്ങളിൽ ഒരാളുമായിരുന്നു അവർ. 2021 ഓഗസ്റ്റിൽ അവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും രാജ്യസഭയിലേക്ക് എത്തുകയും ചെയ്തു.മുന്‍ കേന്ദ്രമന്ത്രിയായ കപില്‍ സിബല്‍ ഈ വർഷം മെയ് മാസമാണ് കോണ്‍ഗ്രസ് വിടുന്നതായി വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ അദ്ദേഹം അഖിലേഷ് യാദവിന്റെ എസ്പിയുടെ പിന്തുണയോടെ രാജ്യസഭയില്‍ എത്തുകയും ചെയ്തു. ഗുലാംനബി ആസാദിനൊപ്പം ചേർന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം.പാർട്ടിയുടെ ദേശീയ വക്താവായ മുപ്പതുകാരനായ ജയ്‌വീർ ഷെർഗിലും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു.മുന്‍ കേന്ദ്രമന്ത്രി കിഷോർ ചന്ദ്ര ദേവ്, ഇപ്പോൾ ശിവസേന എംപി പ്രിയങ്ക ചതുർവേദി, ഇപ്പോൾ എൻസിപിയിലുള്ള പി സി ചാക്കോ എന്നിവരും കോൺഗ്രസ് വിട്ടപ്രമുഖരില്‍ ഉള്‍പ്പെടുന്നു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഉപജാപക സംഘം പാര്‍ട്ടിയില്‍ പിടിമുറുക്കിയതോടെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്. ജനകീയ നേതാക്കളെല്ലാം പാര്‍ട്ടി വിടുകയാണ്
English Summary:Opposition to Congress leadership; The number of leaders leaving the party is increasing
You may also like this video: