ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യം ഉറപ്പിക്കാനുള്ള ബഹുമുഖ നീക്കങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ജെഡിയു നേതാവ് നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയും ഹരിയാനയിലെ പ്രതിപക്ഷ മഹാറാലിയും ഐക്യശ്രമങ്ങളുടെ ഭാഗമായി മാറി.
നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഡല്‍ഹിയിലെ 10 ജനപഥിലെ സോണിയയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസുമായി പരമ്പരാഗതമായി തർക്കം നിലനിന്നിരുന്ന പാർട്ടികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സമന്വയത്തിലൂടെ പരിഹരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിവിട്ട് ആര്‍ജെഡിയുമായി സംഖ്യം രൂപീകരിച്ചതിനു ശേഷം ഇതാദ്യമായാണ് നിതീഷ് സോണിയയെ കാണുന്നത്. ദീര്‍ഘകാലത്തിനു ശേഷമുള്ള ലാലുവിന്റെ സജീവമായ രാഷ്ട്രീയ ഇടപെടല്‍ കൂടിയായിരുന്നു കൂടിക്കാഴ്ച.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായാണ് ഹരിയാനയിലെ മഹാറാലി ശ്രദ്ധേയമായത്. ഇടതുപാർട്ടികളും കോൺഗ്രസും ഇല്ലാതെ ഒരു പ്രതിപക്ഷ മുന്നണി വിഭാവനം ചെയ്യാനാകില്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രധാന മുന്നണി 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി ഉറപ്പാക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപി ഇതര പാർട്ടികളെല്ലാം ഒന്നിച്ചാൽ രാജ്യത്തെ നശിപ്പിക്കാൻ പ്രവർത്തിക്കുന്നവരെ തുരത്താൻ കഴിയും. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ സമൂഹത്തിൽ ഹിന്ദു-മുസ്‌ലിം കലഹങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐഎന്‍എല്‍ഡി) ആണ് മഹാറാലി സംഘടിപ്പിച്ചത്. ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗട്ടാല, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ശിരോമണി അകാലി ദളി (എസ്എഡി) ന്റെ സുഖ്ബിര്‍ സിങ് ബാദല്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേനയുടെ അരവിന്ദ് സാവന്ത് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
2024ൽ കേന്ദ്രത്തിൽ ഭരണമാറ്റം ഉറപ്പാക്കാൻ എല്ലാവരും പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ശരദ് പവാർ പറഞ്ഞു. കർഷകരും യുവാക്കളും ആത്മഹത്യ ചെയ്യുന്നത് പരിഹാരമല്ല. ഒരു മാറ്റമാണ് യഥാർത്ഥ പരിഹാരം.
2024ലെ സർക്കാർ മാറ്റത്തിന് എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പുതിയ സഖ്യം രൂപീകരിക്കാനുള്ള സമയമായെന്ന് ചൗട്ടാല പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനാണ് ജെഡിയു, എസ്എഡി, ശിവസേന എന്നിവ എൻഡിഎ വിട്ടതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
English Summary: Opposition unity in elections against BJP
You may like this video also