Site iconSite icon Janayugom Online

പ്രതിപക്ഷത്തിന്റെ ഡിജിറ്റൽ പ്രചാരണം പരാജയഭീതിയിൽ നിന്നുള്ള രാഷ്ട്രീയ നാടകം: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന ഡിജിറ്റൽ കാമ്പയിനുകൾ വെറുമൊരു രാഷ്ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നൽകിയ കനത്ത പരാജയത്തിന്റെ നിരാശയാണ് ഇത്തരം പ്രഹസനങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. എൽഡിഎഫ് സർക്കാർ വിവിധ മേഖലകളിലും വികസന രംഗത്തും നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെയും ജനപ്രീതിയാർജ്ജിച്ച നേട്ടങ്ങളെയും ജനശ്രദ്ധയിൽ നിന്ന് വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷം ഇപ്പോൾ കിണഞ്ഞു ശ്രമിക്കുന്നത്. വ്യാജ കുറ്റപത്രങ്ങൾ ചമയ്ക്കുന്നതിന് പകരം ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ സഹകരിക്കാനാണ് പ്രതിപക്ഷം തയ്യാറാകേണ്ടത്. 

ഇത്തരം തരംതാഴ്ന്ന ഡിജിറ്റൽ പ്രചാരണങ്ങൾ കൊണ്ട് എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണ ഇല്ലാതാക്കാം എന്നത് പ്രതിപക്ഷത്തിന്റെ വെറും ആഗ്രഹം മാത്രമാണ്. ജനങ്ങളുടെ ഹൃദയത്തിലാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടമെന്നും അവിടെ നിന്ന് അദ്ദേഹത്തെ പുറത്താക്കാം എന്നത് യുഡിഎഫിന്റെ വ്യാമോഹമാണെന്നും മന്ത്രി വ്യക്തമാക്കി. വികസന വിരുദ്ധത മുഖമുദ്രയാക്കിയ യുഡിഎഫിനെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വീണ്ടും തള്ളിക്കളയുക തന്നെ ചെയ്യും. സർക്കാർ അതിന്റെ ലക്ഷ്യങ്ങളുമായി ഉറച്ച ചുവടുകളോടെ മുന്നോട്ട് തന്നെ പോകും. വികസന വിരോധികളുടെ കുതന്ത്രങ്ങളെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Exit mobile version