ബിഎസ് — ആറ് പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനയുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പിന്നിൽ കേന്ദ്രവും കുത്തക ഉപകരണ കമ്പനികളും തമ്മിലുള്ള ഒത്തുകളിയെന്ന ആക്ഷേപം വ്യാപകം. റോഡ് — ദേശീയപാത മന്ത്രാലയത്തിന്റെ ഏകപക്ഷീയ ഉത്തരവ് പുക പരിശോധനാ രംഗത്തെ പ്രതിസന്ധിയിലാക്കുകയും വാഹന ഉടമകളെ ദുരിതത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.
ഈ മാസം ഒൻപതു മുതലാണ്, ആവശ്യമായ ചർച്ചയോ പുക പരിശോധനാ കേന്ദ്രങ്ങൾക്കു മുന്നൊരുക്കത്തിനു സാവകാശമോ നൽകാതെ ഏകപക്ഷീയമായി ഒരുത്തരവ് വഴി വാഹൻ പരിവാഹൻ വെബ് സൈറ്റിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയത്. ബി എസ് — ആറ് വിഭാഗത്തിൽപ്പെടുന്ന പെട്രോൾ വാഹനങ്ങൾക്ക് നിലവിലുള്ള പരിശോധനകൾക്കു പുറമെ ലാംഡ ടെസ്റ്റ് എന്ന പുതിയ പരിശോധന കൂടി നടത്തണമെന്നാണ് മാനദണ്ഡങ്ങളിൽ വരുത്തിയ ഭേദഗതി. ഇതു നടപ്പിൽ വരുത്താൻ പരിശോധനാ കേന്ദ്രങ്ങളിലെ ഉപകരണങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സർവറുമായി ബന്ധിപ്പിക്കുകയും വേണം. എന്നാൽ, പുക പരിശോധനാ കേന്ദ്രങ്ങളിൽ നിലവിലുള്ള ഉപകരണങ്ങൾ ഇത്തരം കാര്യങ്ങൾക്കൊന്നും യോജിക്കുന്നവയല്ല.
പുക പരിശോധനാ മാനദണ്ഡങ്ങളിൽ തിരുത്തൽ വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാൻ കാത്തിരുന്നിട്ടെന്ന പോലെ, പുതിയ സംവിധാനത്തിനു യോജിക്കുന്ന ഉപകരണങ്ങളുമായി കുത്തക കമ്പനികൾ വിപണിയിലെത്തിയെന്ന് പുക പരിശോധനാ കേന്ദ്രങ്ങളുടെ ഉടമകൾ പറയുന്നു. ഉപകരണങ്ങൾക്കു വിലയായും മറ്റും അരലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇതോടെയാണ്, കുത്തക കമ്പനികളെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം എന്ന സംശയം ബലപ്പെട്ടത്. പുതിയ ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള ഒരു പരിശീലനവും പരിശോധനാ കേന്ദ്രങ്ങൾക്കു നൽകിയിട്ടില്ല. അതിനാൽ, ഈ മാസം എട്ടു വരെ പ്രശ്നങ്ങളില്ലാതെ നടന്നു പോയ, ബി എസ് — ആറ് പെട്രോൾ വാഹനങ്ങളുടെ പുക പരിശോധന ആകപ്പാടെ താളം തെറ്റിയിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ ഉടമകൾക്കു പിഴ മുതൽ തടവു വരെ ശിക്ഷയുണ്ട്.
വാഹന ഉടമകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമവും അധികൃതരിൽ നിന്നുണ്ടായിട്ടില്ല. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും വിഷയത്തെക്കുറിച്ച് വലിയ പിടിപാടില്ല. വകുപ്പ് ഉദ്യോഗസ്ഥർ, പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തി ഡമോൺസ്ട്രേഷൻ നടത്തിയതിനു ശേഷമേ പുതിയ പരിശോധനാ സംവിധാനം ഏർപ്പെടുത്താൻ പാടുള്ളു എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും പുക പരിശോധനാ കേന്ദ്രങ്ങളെ പുതിയ സംവിധാനത്തിനായി സജ്ജമാക്കാൻ ആവശ്യമായ സമയം നൽകിയിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ പൊല്യൂഷൻ ടെസ്റ്റിങ് സെന്റേഴ്സ് ഫോർ വെഹിക്കിൾസ് ഭാരവാഹികൾ വ്യക്തമാക്കി.
english summary; Order of the Center; Vehicle smoke test misaligned
you may also like this video;