Site iconSite icon Janayugom Online

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ ഉത്തരവ്

അന്തരിച്ച മുതിര്‍ന്ന സിപിഐ(എം) നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

മകളുടെ ഭാഗം കൂടി കേട്ട് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും അനാട്ടമി ആക്ട് അനുസരിച്ച് മെഡിക്കല്‍ കോളജിന് അന്തിമ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മെഡിക്കല്‍ കോളജിന് കൈമാറണമെന്നുള്ള രേഖകള്‍ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്.എന്നാല്‍ അനുയായികളോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകന്‍ കോടതിയെ അറിയിച്ചത്.

രണ്ട് മക്കള്‍ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. മകള്‍ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും കുടുംബം തീരുമാനമെടുക്കട്ടെയെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നും പള്ളിയില്‍ അടക്കം ചെയ്യണമെന്നുമാണ് മകളുടെ ഹര്‍ജിയിലുള്ളത്.എന്നാല്‍ പിതാവിന്റെ ആഗ്രഹം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുന്നതെന്നാണ് മകന്‍ സജീവ് പറയുന്നത്.

ആശയെ ചിലര്‍ കരുവാക്കുകയാണെന്നും സജീവന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇടവകയിലെ അംഗത്വമടക്കം ലോറന്‍സ് റദ്ദു ചെയ്തിരുന്നില്ലെന്നാണ് മകള്‍ ആശ മാധ്യമങ്ങളോട് പറഞ്ഞത്. അച്ഛന്റെ ആഗ്രഹം അതില്‍ നിന്ന് വ്യക്തമാകണമെന്നും മകള്‍ പറയുന്നു. ഇന്ന് നാല് മണിക്ക് മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കാനായിരുന്നു തീരുമാനം. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ലോറന്‍സിന്റെ മരണം. 

Exit mobile version