കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍ എഎപിയുടെ റാലി. രാംലീല മൈതാനിയില്‍ നടന്ന റാലിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നേതൃത്വം നല്‍കി.
ഓര്‍ഡിനന്‍സിലൂടെ ആക്രമിക്കുന്ന ആദ്യ സംസ്ഥാനമാണ് ഡല്‍ഹിയെന്നും മറ്റ് സംസ്ഥാനങ്ങളിലെല്ലാം സമാനമായ ഓര്‍ഡിനന്‍സുകള്‍ കേന്ദ്രം കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി. ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ഡല്‍ഹിയില്‍ ജനാധിപത്യമില്ലെന്നാണ് ഓര്‍ഡിനന്‍സ് തെളിയിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഏകാധിപത്യവും, ലെഫ്. ഗവര്‍ണറുമാണ് പരമാധികാരി. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ആര്‍ക്കും വോട്ട് ചെയ്യാം. എന്നാല്‍ കേന്ദ്രമായിരിക്കും ഡല്‍ഹി നിയന്ത്രിക്കുക. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇത്രയും ധാര്‍ഷ്ട്യമുള്ള ഒരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ല. സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടും അത് പാലിക്കാന്‍ മോഡി തയ്യാറാവുന്നില്ല. ഇതാണ് ഏകാധിപത്യമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. റാലിയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാജ്യസഭാ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ റാലിയെ അഭിസംബോധന ചെയ്തു.