Site iconSite icon Janayugom Online

ജൈവകൃഷിയിലെ കണ്ണമ്പ്രത്ത് മാതൃക

ജൈവകൃഷിയില്‍ പുത്തന്‍ മാതൃക തീര്‍ക്കുകയാണ് കണ്ണമ്പ്രത്ത് പത്മനാഭന്‍ എന്ന കര്‍ഷകന്‍. നാടന്‍ പശുവിന്റെ ചാണകം കൊണ്ട് നിര്‍മ്മിക്കുന്ന ജീവാമൃതവും ഖരജീവാമൃതവും മാത്രം വളമായി ഉപയോഗിച്ച് ഈ കര്‍ഷകന്‍ കഴിഞ്ഞ 12 വര്‍ഷമായി ജൈവ കൃഷിയില്‍ നേട്ടം കൊയ്യുന്നു. വിളവ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നുമാത്രമല്ല, മണ്ണിന്റെ പി എച്ച് മൂല്യം 5.4 ല്‍ നിന്നും 7.1 ലേക്ക് ഉയര്‍ത്തുവാനും ഈ കര്‍ഷകന് കഴിഞ്ഞു. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി എച്ച് മൂല്യമാണ് ഏഴ്. ജീവാമൃതവും ഖരജീവാമൃതവുമാണ് തന്റെ മണ്ണിനെ മാറ്റി മറിച്ചതെന്ന് ഈ കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. വടകര താലൂക്കില്‍ ഏറാമല ഗ്രാമപഞ്ചായത്തിലെ കുന്നുമ്മക്കര സ്വദേശിയായ പത്മനാഭന്‍, സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷിരീതിയില്‍ ആകൃഷ്ടനായാണ് ജൈവകൃഷി രീതി തെരഞ്ഞെടുത്തത്. വീട്ടുപരിസരത്ത് തന്റെയും സഹോദരന്‍മാരുടേയും ഉടമസ്ഥതയിലുള്ള നാല് ഏക്കര്‍ കൃഷിയിടത്തിനു പുറമേ സ്വകാര്യ വ്യക്തികളുടേയും വിവിധ കര്‍ഷക കൂട്ടായ്മകളുടേയും സഹകരണത്തോടെ ഇരുനൂറ് ഏക്കറോളം സ്ഥലത്താണ് ഇദ്ദേഹം ജൈവകൃഷി നടത്തി വരുന്നത്. ഇവിടങ്ങളിലെല്ലാം മണ്ണിന്റെ പി എച്ച് മൂല്യം ഏഴില്‍ നിലനിര്‍ത്തുന്നതിന് തന്റെ കൃഷിരീതിയിലൂടെ കഴിയുന്നതായി പത്മനാഭന്‍ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ വിജയകരമായ പ്രവര്‍ത്തിക്കുന്ന 21 ഓളം കര്‍ഷക കൂട്ടായ്മകള്‍ക്ക് നേരിട്ട് നേതൃത്വപരമായ പ്രവര്‍ത്തനമാണ് പത്മനാഭന്‍ നടത്തിവരുന്നത്. ഇത്തരം കാര്‍ഷിക കൂട്ടായ്മകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം 60 ഏക്കറോളം വരുന്ന തരിശുനിലങ്ങളില്‍ നാടന്‍ നെല്ലിനങ്ങള്‍ കൃഷി ചെയ്ത് നൂറുമേനി വിളയിക്കാന്‍ കഴിഞ്ഞു.

മണ്ണിനെ മാറ്റി മറിച്ച് ജീവാമൃതം

നാടന്‍ പശുവിന്റെ ചാണകം, ഗോമൂത്രം, ഇരട്ടപ്പരിപ്പുള്ള പയര്‍ വര്‍ഗങ്ങള്‍, തേങ്ങാവെള്ളം തുടങ്ങിയവ ചേര്‍ത്താണ് ജീവാമൃതം നിര്‍മ്മിക്കുന്നത്. ഇരട്ടപ്പരിപ്പിന് പകരം ചക്ക സീസണില്‍ ചക്കക്കുരുവും തേങ്ങാവെള്ളത്തിനു പകരം ചക്കപ്പഴവും ചേര്‍ത്തും ജീവാമൃതം ഉണ്ടാക്കുന്നു. ഇതേ മിശ്രിതം നാടന്‍ പശുവിന്റെ ഉണക്ക് ചാണകപ്പൊടിയില്‍ ഇളക്കിച്ചേര്‍ത്ത് തണലില്‍ ഉണക്കിയെടുത്ത് നിര്‍മ്മിക്കുന്നതാണ് ഖരജീവാമൃതം. ഇത് കുറേക്കാലം സൂക്ഷിക്കാന്‍ കഴിയുമെന്ന സവിശേഷതയുമുണ്ട്. ജീവാമൃതവും ഖരജീവാമൃതവും മണ്ണില്‍ തുടര്‍ച്ചയായി എത്തിയതോടെ മണ്ണ് നല്ലരീതിയില്‍ സംസ്‌കരിക്കപ്പെട്ടുവെന്ന് പത്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു. മണ്ണിരയുടെ സാന്നിധ്യം ക്രമാനുഗതമായി വര്‍ധിച്ചുവെന്നതാണ് ഇതിലെ പ്രധാന മാറ്റം. വികലമായ മണ്ണ് ഭക്ഷിച്ച് മണ്ണിര വിസര്‍ജിക്കുന്ന പുറ്റ് മണ്ണ് സമ്പൂര്‍ണ ഗുണനിലവാരമുള്ളതായിരിക്കും. അതുകൊണ്ടാണ് മണ്ണിന്റെ പി എച്ച് മൂല്യം ഉയരാന്‍ കാരണം. കേരളത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും മണ്ണിന്റെ പി എച്ച് മൂല്യം കുറഞ്ഞുവരികയാണ്. അമ്ലത്വം കൂടുന്നതാണ് ഇതിന് കാരണം. അമിതമായ രാസവളപ്രയോഗമാണ് മണ്ണിന്റെ പി എച്ച് മൂല്യം കുറയ്ക്കുന്നത്. പി എച്ച് മൂല്യം ഏഴില്‍ കൂടിയാല്‍ ക്ഷാരസ്വഭാവമായിരിക്കും. പി എച്ച് മൂല്യം കൂട്ടാന്‍ സാധാരണയായി മണ്ണില്‍ കുമ്മായം ചേര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് തന്റെ കൃഷിയിടങ്ങളിലെ മണ്ണിന്റെ പി എച്ച് മൂല്യം കൂടിയതെന്ന് പത്മനാഭന്‍ സാക്ഷ്യപ്പെടുത്തുന്നു.

നൂറുമേനി വിളതരുന്ന മണ്ണ്

നേരത്തെ ഒരേക്കറില്‍ നിന്ന് ഒരുതവണ 1300 നാളികേരം ലഭിച്ച സ്ഥാനത്ത് മണ്ണിന്റെ പി എച്ച് മൂല്യം ഉയര്‍ന്നതോടെ അത് 1700 ല്‍ അധികമായി. നേന്ത്രവാഴക്കുലകളുടെ തൂക്കം 15 കിലോ മുതല്‍ 40 കിലോവരെയാണ്. ചേനയും മഞ്ഞളും കാച്ചിലും ചേമ്പും മരച്ചീനിയും കൂടാതെ എല്ലാവിധ പച്ചക്കറികളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ സമൃദ്ധമായുണ്ട്. പത്മനാഭന് ജൈവകൃഷിയിലൂടെ ലഭിച്ച ചില അത്യപൂര്‍വ വിളകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 18 അടിയോളം ഉയരത്തില്‍ വളര്‍ന്ന് മൂന്നു ദിവസത്തിലൊരിക്കല്‍ അഞ്ച് കിലോയോളം പച്ചമുളക് വീതം ലഭിച്ച് മൂന്നു വര്‍ഷത്തോളം നിലനിന്ന മുളക് ചെടിയാണ് അതിലൊന്ന്. ഇത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 54 കിലോയിലേറെ തൂക്കമുള്ള നാടന്‍ പൂവന്‍വാഴക്കുലയും ഒരു വള്ളിയില്‍ നിന്ന് ലഭിച്ച 51 ഇളവന്‍ കുമ്പളങ്ങളുമെല്ലാം ജൈവകൃഷിയുടെ മഹത്വം വിളിച്ചറിയിക്കുന്നതായിരുന്നു. പ്രകൃതി കൃഷി രീതിയിലും സീറോ ബഡ്ജറ്റ് ഫാമിങ് രീതിയിലും തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ് എന്നിവയ്ക്കു പുറമെ മേങ്കോസ്റ്റിന്‍, റംബുട്ടാന്‍, ജാതിക്ക, മഞ്ഞള്‍, ഇഞ്ചി, വാഴ, കുരുമുളക് എന്നിവയും വിവിധയിനം പച്ചക്കറികളും കൃഷിചെയ്തുവരുന്നു. നെല്ല് വിളവെടുപ്പിനുശേഷം അതേ സ്ഥലത്ത് വിപുലമായ തോതില്‍ ഉഴുന്ന്, ചെറുപയര്‍ എന്നിവയും കൃഷിചെയ്യും. കഴിഞ്ഞ വര്‍ഷം മാത്രം 4000 കിലോയോളം ചേനയാണ് വിളവെടുക്കാന്‍ കഴിഞ്ഞത്. പ്രത്യേകം തയ്യാറാക്കിയ മണ്ണില്‍ ലയിച്ചുചേരുന്ന ഫൈബര്‍ ബാഗുകളിലാക്കി നടത്തിയ കാച്ചില്‍ കൃഷിയിലൂടെ അതിശയിപ്പിക്കുന്ന വിളവാണ് ലഭിച്ചത്. മത്സ്യ കൃഷിയിലും പത്മനാഭന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ടാങ്കുകളില്‍ പരമ്പരാഗത നാടന്‍ മത്സ്യ ഇനങ്ങളായ കയിച്ചില്‍ (ബ്രാല്‍), മുഴു, കടു എന്നിവയും വലിയതോതില്‍ കൃഷിചെയ്യുന്നുണ്ട്.

ജൈവ ഉല്പന്നങ്ങളുടെ കലവറ

ജൈവ ഉല്പന്നങ്ങളുടെ കലവറയാണ് പത്മനാഭന്റെ വീട്. വിവിധ ഉത്പന്നങ്ങളില്‍ നിന്നും 33 ലേറെ മൂല്യ വര്‍ധിത ഉല്പന്നങ്ങളും പത്മനാഭന്‍ നിര്‍മ്മിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടങ്ങളെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ മാതൃകാ തോട്ടമായി നിര്‍ദ്ദേശിക്കുകയാണ്. അന്യം നിന്നുപോകുന്ന നെല്‍വിത്തുകളുടെ സംരക്ഷകന്‍ കൂടിയാണ് പത്മനാഭന്‍. മുണ്ടകന്‍, കുട്ടിക്കണ്ടപ്പന്‍, വെളിയന്‍, കഴുങ്ങുമ്പൂത്താട, നാടന്‍ ചിറ്റേനി, ചുകന്ന കുറുവ, രക്തശാലി, വിതകണ്ടന്‍, ആയിരംകണ തുടങ്ങി പതിനെട്ടില്‍പ്പരം പരമ്പരാഗത വിത്തിനങ്ങള്‍ പത്മനാഭന്‍ ഇപ്പോഴും കൃഷിചെയ്യുന്നുണ്ട്. ഏറെ ഔഷധഗുണമുള്ള ഇത്തരം നെല്ലിനങ്ങള്‍ അന്യംനിന്നുപോവാതെ സൂക്ഷിക്കുക എന്ന കര്‍ത്തവ്യം കൂടിയാണ് ഈ കര്‍ഷകന്‍ ഏറ്റെടുത്തിരിക്കുന്നത്. തവിടുകളയാത്ത അരി, നവര അരി, നാടന്‍ നെല്ലില്‍നിന്നുള്ള അവില്‍, കൂവ്വ പൊടി, നാളീകേരത്തിന്റെ ഉല്പന്നങ്ങളായ വെളിച്ചെണ്ണ, വെന്തവെളിച്ചെണ്ണ, ഈരോടന്‍ (പേട്ട് വെളിച്ചെണ്ണ) എന്നിവ ഉല്പാദിപ്പിച്ച് കണ്ണമ്പ്രത്ത് പ്രകൃതി കേന്ദ്രത്തിന്റെ ലേബലില്‍ വിതരണം ചെയ്യുന്നുണ്ട്. നാടന്‍ മഞ്ഞള്‍ വിത്തായും പൊടിയായും ഉപഭോക്താക്കള്‍ക്ക് എത്തിച്ചുവരുന്നു. ചേനയും കാച്ചിലും വലിയതോതിലാണ് കൃഷി ചെയ്യുന്നത്. വലിയ മുതല്‍ മുടക്കില്ലാതെ കൃഷിചെയ്യാമെന്നതാണ് ഇവയുടെ സവിശേഷത. പത്മനാഭന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന ജൈവപപ്പടത്തിന് ആവശ്യക്കാരേറെയാണ്. ചേന പൊടിയും കൊണ്ടാട്ടവും ചേന പായസക്കൂട്ടും വലിയതോതിലാണ് ഉല്പാദിപ്പിക്കുന്നത്. കുവ്വപൊടിയും ചക്കപ്പൊടിയും ചെറുതേനും തവിടുമെല്ലാം അവയുടെ തനിമചോരാതെ പത്മനാഭന്‍ ഉപഭോക്താക്കളിലെത്തിക്കുന്നു. വടകര കുള്ളന്‍, വെച്ചൂര്‍ തുടങ്ങി വിവിധ ഇനങ്ങളിലുള്ള പതിനാലോളം നാടന്‍ പശുക്കളെയാണ് പത്മനാഭന്‍ വളര്‍ത്തുന്നത്. പാല്‍, നെയ്യ്, തൈര്, മോര് എന്നിവയ്ക്കു പുറമെ ജീവാമൃതം, പഞ്ചഗവ്യം എന്നിവയും വലിയതോതില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഒപ്പം കീടങ്ങളെ അകറ്റുന്നതിനായി പച്ചിലകളാല്‍ നിര്‍മ്മിക്കുന്ന ജൈവ കീടനാശിനികളായ കീടവികര്‍ഷണ തൈലം, മുളളന്‍ പന്നിയെ അകറ്റുന്നതിനുളള ഔഷധ കൂട്ട് എന്നിവയും വിപണിയിലെത്തിക്കുന്നു.

പുതുതലമുറയ്ക്ക് കൃഷി അറിവ് പങ്കുവെച്ച്

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പതിനൊന്നോളം വിദ്യാലയങ്ങളില്‍ കാര്‍ഷിക വിദ്യാഭ്യാസം നല്‍കുന്നതിനും പത്മനാഭന്‍ സമയം കണ്ടെത്തുന്നു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗങ്ങളിലെല്ലാം കാര്‍ഷിക അറിവ് പകരുന്നതോടൊപ്പം അവരെ കൃഷിചെയ്യിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കുന്നു. ഇത്തരത്തില്‍ സംസ്ഥാന തലത്തില്‍ വരെ പുരസ്‌കാരം നേടിയ സ്‌കൂളുകളുമുണ്ട്. വിദ്യാലയങ്ങളില്‍ കാര്‍ഷിക ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ ജൈവകൃഷിയുടെ ബോധവല്‍ക്കരണം നടത്താന്‍ കഴിയുന്നു. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി എന്താണെന്നും എങ്ങിനെയാണെന്നും മനസിലാക്കാനും ചെടികളുടെ വളര്‍ച്ച നേരില്‍ കണാനും കഴിയുന്നു. സംതൃപ്തമായ ഒരു പുതുതലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാക്കാന്‍ സാധിക്കുന്നു എന്നുള്ളത് വളരെയേറെ ആത്മനിര്‍വൃതിയുളവാക്കുന്നതായി പത്മനാഭന്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ 9744889053 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ തന്റെ കാര്‍ഷിക അറിവുകള്‍ ആരുമായും പങ്കുവെയ്ക്കാനും പത്മനാഭന്‍ സദാ സന്നദ്ധനാണ്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഇടങ്ങളിലായി കാര്‍ഷിക കൂട്ടായ്മകളുടേയും സ്വകാര്യ വ്യക്തികളുടേയുമെല്ലാം സഹകരണത്തോടെ ഏക്കര്‍ കണക്കിന് സ്ഥലത്താണ് ജൈവ നെല്‍കൃഷി നടത്തിവരുന്നത്. ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്തെ കടല്‍ത്തീരത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് നാടന്‍ നെല്ല് വിളയിച്ച് നൂറുമേനി കൊയ്യാന്‍ പത്മനാഭനെ സഹായിച്ചതും ജൈവകൃഷി രീതിതന്നെയാണ്. ചുവന്ന കുറുവ, രക്തശാലി ഇനങ്ങളില്‍പ്പെട്ട നെല്‍വിത്താണ് ഇവിടെ കൃഷിചെയ്തത്. ഇത് ജില്ലാഭരണകൂടത്തിന്റെ പ്രശംസയ്ക്ക് കാരണമായിരുന്നു. കക്കത്തോടിന്റെയും മറ്റ് കടല്‍ മത്സ്യങ്ങളുടെയും അവശിഷ്ടങ്ങള്‍ കടലോരത്തെ ഫലഭൂയിഷ്ഠമാക്കുന്നുവെന്നും അത് മണ്ണിന്റെ പി എച്ച് മൂല്യം ഉയര്‍ത്തുന്നുവെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിശാലമായ കടല്‍ത്തീരത്ത് ചെറിയ ചെലവില്‍ നെല്ല് വിളയിക്കാമെന്ന സന്ദേശം കൂടിയായിരുന്നു ഈ കൃഷിയിലൂടെ പത്മനാഭന്‍ കാര്‍ഷിക മേഖലയ്ക്ക് സമ്മാനിച്ചത്. ഇതിനെല്ലാമുപരി കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടെ തനിക്കും കുടുംബാംഗങ്ങള്‍ക്കും അസുഖങ്ങളൊന്നും പിടിപെടാത്തതും ഈ കൃഷിരീതിയുടെ ഫലമാണെന്ന് പത്മനാഭന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഉല്പന്ന നിര്‍മാണത്തിനായി സ്വയം രൂപകല്പന ചെയ്ത യന്ത്രങ്ങളും

വിവിധ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനുതകുന്ന ഒട്ടേറെ യന്ത്രങ്ങളും പത്മനാഭന്‍ സ്വന്തമായി നിര്‍മ്മിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടു തൈര് കടഞ്ഞെടുക്കുന്ന യന്ത്രം, കൂവ്വപ്പൊടി നിര്‍മ്മിക്കാനായി കൂവ്വ അരവയന്ത്രം (ദിവസം 15 ക്വിന്റല്‍ കൂവ്വ അരക്കാം), വെന്ത വെളിച്ചെണ്ണ നിര്‍മ്മിക്കാന്‍ 50 പൊതിച്ച നാളീകേരം 15 മിനുട്ട് കൊണ്ട് അരയ്ക്കാന്‍ കഴിയുന്ന യന്ത്രം തുടങ്ങിയവ ഉദാഹരണം. സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച പത്മനാഭന് തന്റെ ജൈവ കൃഷിയില്‍ റിട്ട. അധ്യാപികകൂടിയായ ഭാര്യ ഇന്ദിരയുടേയും മക്കളായ ശ്രീജിത്ത്, സൂരജ് എന്നിവരുടെയും പരിപൂര്‍ണ പിന്തുണയുണ്ട്. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ഈ കൃഷിക്കാരനെ തേടിയെത്തി. കേരള ജൈവകര്‍ഷക സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ് പത്മനാഭന്‍.

Exit mobile version