Site iconSite icon Janayugom Online

രാജ്യത്ത് പൗരാവകാശം ആശങ്കാജനകമെന്ന് സംഘടനകള്‍

പൗര, രാഷ്ട്രീയ അവകാശങ്ങള്‍ക്കുള്ള അന്താരാഷ‍്ട്ര ഉടമ്പടി (ഐസിസിപിആര്‍) അവലോകനത്തിന് മുന്നോടിയായി, രാജ്യത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് പൗരാവകാശ സംഘടനകള്‍. ഇതുസംബന്ധിച്ച കണ്ടെത്തലുകള്‍ സംഘടനകള്‍ സമര്‍പ്പിച്ചു.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ഐസിസിപിആര്‍ പുനഃപരിശോധിക്കുന്നത്. ഈ മാസം 15നും 16നും ജനീവയിലാണ് അവലോകനം നടക്കുന്നത്. മനുഷ്യാവകാശ സമിതിയും 18 സ്വതന്ത്രവിദഗ‍്ധരുമാണ് പരിശോധന നടത്തുന്നത്. 1979ലാണ് ഇന്ത്യ ഐസിസിപിആറിന്റെ ഭാഗമാകുന്നത്. 2001ല്‍ സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ 2021ലാണ് ഇന്ത്യ നല്‍കിയത്. ഉടമ്പടിയുടെ ഭാഗമായപ്പോള്‍ സംവരണങ്ങളും പ്രഖ്യാപനങ്ങളും പുനഃപരിശോധിക്കാനുള്ള നിര്‍ദേശം ഇല്ലായിരുന്നെന്ന് ഇന്ത്യ പറയുന്നു.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തവും വിപുലവും നിയമപരവുമായ ചട്ടക്കൂട് വ്യാപകമാക്കുന്നതിലും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതിലും രാജ്യം വലിയ പുരോഗതി നേടിയതായി ഇന്ത്യയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 35 റിപ്പോര്‍ട്ടുകളാണ് കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും പൗരസംഘടനകള്‍ ഒരുമിച്ച് നല്‍കിയവയാണ്. ഇന്ത്യയുടെ റിപ്പോര്‍ട്ടിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. കശ്മീര്‍ വിഷയം, മണിപ്പൂര്‍ കലാപം, മനുഷ്യാവകാശ ലംഘനങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകം, ന്യൂനപക്ഷ സംരക്ഷണം, അന്തസോടെ ജീവിക്കാനുള്ള ദളിതരുടെ അവകാശം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ പ്രശ്നങ്ങള്‍, ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള നിരീക്ഷണം, ലിംഗ അതിക്രമം, വിദ്വേഷ പ്രസംഗം, സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, സെന്‍സര്‍ഷിപ്പ് എന്നിവ കഴിഞ്ഞ അഞ്ച് കൊല്ലമായി ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഐക്യരാഷ്ട്ര സഭയുടെ കരാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പ്രത്യേക നടപടിക്രമങ്ങളുടെയും മുന്നറിയിപ്പും ആശയവിനിമയങ്ങളും അവഗണിക്കുകയാണ് പതിവ്. യുഎന്‍ പ്രതിനിധികളുടെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം തടസപ്പെടുത്തുന്നെന്നും 13 പൗരാവകാശ സംഘടനകള്‍ സംയുക്തമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 1997ല്‍ കമ്മിറ്റി നല്‍കിയ ഭൂരിപക്ഷം ശുപാര്‍ശകളും ഇന്ത്യ നടപ്പാക്കിയില്ല. ഇത് സാഹചര്യങ്ങള്‍ വഷളാക്കി. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ ഗണ്യമായി ഉയരുന്നതിനാല്‍ പുനഃപരിശോധന നിര്‍ണായകമാണ്. 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം പൗരാവകാശം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഭരണകൂടം അകലം പാലിക്കുകയാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ജനീവയില്‍ നടക്കുന്ന രണ്ട് ദിവസത്തെ അവലോകനയോഗത്തില്‍, റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പ്രശ്നങ്ങള്‍ അവതരിപ്പിക്കും. ജൂലൈ 26ന് ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു. ഇന്ത്യയില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തുടങ്ങിയവര്‍ അവലോകനത്തില്‍ പങ്കെടുക്കും. 

Eng­lish Sum­ma­ry: Orga­ni­za­tions that civ­il rights in the coun­try are worrying

You may also like this video

Exit mobile version