എന്നിലൂടോടുന്ന വഴികളെല്ലാം
നിന്നിലെത്തുമ്പോൾ
മുറിഞ്ഞങ്ങു വീഴുന്നു
നിന്റെയോരത്തു ചാരിയിരുന്നപ്പോൾ
പൂവിട്ടപൂക്കളെ കാറ്റേതോ
തല്ലിക്കൊഴിക്കുന്നു
മുഖമില്ലാത്തൊരു സ്വപ്നമോയെന്നുടെ
ഓരടിപ്പാതയിൽ കൂട്ടായ് നടക്കുന്നു
അതിൻചിറകുതപ്പി ഞാൻ
വസന്തങ്ങൾ പാകുവാൻ
മുളയ്ക്കുന്നതിന്മുമ്പേ
ആരോകോടാലിപാകിയ പാടുകൾ
ഞാനതിൻകൊക്കു തപ്പിത്തടഞ്ഞു
ജനിച്ചപ്പോളെ വായുമുണ്ടായിരുന്നില്ല
വഴിവക്കീന്നാരോ കൂടെക്കൂട്ടിയോൾ
വായുമായ് ജനിച്ചോരെയെല്ലാ-
മുപേക്ഷിച്ചു ബാക്കിയായോൾ!
ഏതോദിക്കിൽനിന്നും പറന്നുവന്ന
പേരറിയാത്തൊരുകുഞ്ഞുപക്ഷി
പരപരാഗണത്താലെ ജനിപ്പിച്ച
പേരാൽച്ചുവട്ടിലെ തണലിലേക്കു
കൺപീലിയിൽകൊരുത്തുകെട്ടി
ഞാനവളെകൂട്ടിക്കൊണ്ടുപോയി
അവളുടെ നിഴലോടേയഴിച്ചിട്ട്
അവളേതോദിക്കിൽ പറന്നുപോയി
നമുക്കു തളിർക്കുവാൻ
നാരകമാവിൻ തണലും,
നമുക്കൊന്നു പൂക്കുവാൻ
അരിമുല്ലക്കാടിൻ ചുവടും,
മാണിക്യചെമ്പഴുക്കായിൽ
പഴുക്കുവാൻ
മുറ്റത്തുവീണനിലാവും
മുറിഞ്ഞവഴിയിലഴിയുന്ന
ചോലതൻ പുളിനങ്ങളിൽ
വരച്ചിട്ടിരിക്കുന്നു ഞാൻ
സഖീ, നീ വരുന്നതുംകാത്തു ഞാനും
ഏതോ ദേശാടനപ്പക്ഷിയും
ഓർണിത്തൊഫിലി*- പക്ഷികൾ നടത്തുന്ന പരപരാഗണം.