മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികളെ അതിക്രൂരമായി മര്‍ദിച്ച ജീവനക്കാര്‍ പിടിയില്‍. കഴിഞ്ഞ ആഴ്ച ശിശു ക്ഷേമ സമിതി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നാലെയാണ് അനാഥാലയത്തിലെ ക്രൂരതകള്‍ പുറംലോകമറിയുന്നത്. 21 കുട്ടികളാണ് അനാഥാലയത്തിലുള്ളത്. ചെറിയ തെറ്റുകള്‍ക്ക് പോലും കുട്ടികളെ ജീവനക്കാര്‍ അതിഭീകരമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ജീവനക്കാര്‍ കുട്ടികളെ തലകീഴായി കെട്ടിത്തൂക്കുകയും ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിക്കുകയും വിവസ്ത്രരാക്കി ഫോട്ടോയെടുക്കുകയും മുളക് കത്തിച്ച് അവയുടെ പുക ശ്വസിപ്പിക്കുകയും ചെയ്തുവെന്ന് കുട്ടികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
അനാഥാലയത്തിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വസ്ത്രത്തില്‍ മലമൂത്രവിസര്‍ജനം ആയതിന് നാല് വയസുള്ള കുട്ടിയെ മൂന്ന് ദിവസത്തോളം ഭക്ഷണം നല്‍കാതെ ശുചിമുറിയില്‍ പൂട്ടിയിട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു. വാത്സല്യപുരം ജയിന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അനാഥാലയത്തിന്റെ നടത്തിപ്പ്. എന്നാല്‍ ഇത് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബംഗളൂരു, സൂറത്ത്, ജോധ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഇവര്‍ അനാഥാലയങ്ങള്‍ നടത്തിവരുന്നുണ്ട്.
ശിശു ക്ഷേമ സമിതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അനാഥാലയം അടച്ചുപൂട്ടുകയും കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ കമ്മിഷണര്‍ അമരേന്ദ്ര സിങ് പറഞ്ഞു. ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ദേഹത്തുള്ള മുറിവുകളുടെ ചിത്രങ്ങളും ശിശുക്ഷേമ സമിതി പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.
English Summary; Orphanage children brutalized in Madhya Pradesh
You may also like this video