Site iconSite icon Janayugom Online

ഓസ്കർ 2026: ‘ഹോംബൗണ്ട്’ പുറത്തായി; ഗീത ഗാന്ധ്‌ബീറിന്റെ രണ്ട് ഡോക്യുമെന്ററികൾക്ക് നോമിനേഷൻ

98-ാമത് അക്കാദമി അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ഹോംബൗണ്ട്’ (Home­bound) അവസാന പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലെ അവസാന അഞ്ച് ചിത്രങ്ങളിൽ ഇടംനേടാൻ ഈ ഹിന്ദി ചിത്രത്തിന് സാധിച്ചില്ല. അതേസമയം, ഇന്ത്യൻ വംശജയായ അമേരിക്കൻ സംവിധായിക ഗീത ഗാന്ധ്‌ബീറിന്റെ രണ്ട് ചിത്രങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിലായി നോമിനേഷൻ നേടി.നീരജ് ഘയവാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ ആദ്യ 15 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നെങ്കിലും അന്തിമ നോമിനേഷൻ ലഭിച്ചില്ല. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ എന്നിവർ അഭിനയിച്ച ചിത്രം ജാതി വിവേചനത്തെയും ദാരിദ്ര്യത്തെയുമാണ് പ്രമേയമാക്കിയത്.

ഗീത സംവിധാനം ചെയ്ത ‘The Per­fect Neigh­bor’ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും, ‘The Dev­il is Busy’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലും നോമിനേഷൻ സ്വന്തമാക്കി. വംശീയ വിവേചനവും സ്ത്രീകളുടെ പ്രത്യുൽപാദന അവകാശങ്ങളുമാണ് ഈ ചിത്രങ്ങൾ ചർച്ച ചെയ്യുന്നത്.ബ്രസീൽ, ഫ്രാൻസ്, നോർവേ, സ്പെയിൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അന്തിമ പട്ടികയിലുള്ളത്.ഇതുവരെ ഇന്ത്യയിൽ നിന്ന് മൂന്ന് ചിത്രങ്ങൾ മാത്രമാണ് (മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ) ഈ വിഭാഗത്തിൽ അവസാന അഞ്ചിൽ എത്തിയിട്ടുള്ളത്. മാർച്ച് 15‑ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.

Exit mobile version