വന്ദേഭാരത് കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനഃപൂർവം വൈകിപ്പിക്കുന്നതായി യാത്രക്കാർ. വന്ദേഭാരത് ട്രെയിനുകൾ കൃത്യ സമയത്തു സർവീസ് നടത്തുന്നതിന് വേണ്ടി മറ്റു ട്രെയിനുകൾ ദീർഘനേരം പലയിടങ്ങളിലായി പിടിച്ചിടുകയാണ്. ഇന്റർസിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകൾ വന്ദേഭാരതിനായി 45 മിനിറ്റോളം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. 5.05ന് യാത്ര ആരംഭിക്കുന്ന വേണാട് 5.25ലേക്കായി പുനഃക്രമീകരിച്ചു.
പെട്ടെന്നുള്ള സമയമാറ്റം സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് വരുത്തിയത്. എറണാകുളത്ത് നിന്ന് വൈകിട്ട് 6.05ന് യാത്ര തിരിക്കുന്ന കായംകുളം എക്സ്പ്രസ് അടുത്തിടെയായി 45 മിനിറ്റോളം വൈകിപ്പിക്കുകയാണ്. ജനശതാബ്ദി, നാഗർകോവിൽ‑കോട്ടയം പാസഞ്ചർ എന്നിവയും വൈകിയോടുന്ന ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ട്രെയിനുകൾ ഏറെ സമയം വൈകുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് യാത്രക്കാർ. ട്രെയിനുകൾ വൈകിയോടുന്നതിനാൽ മറ്റ് ട്രെയിനുകളിൽ തിരക്ക് വർധിക്കുന്നതായി ഓൾകേരള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്.
പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണിപ്പോൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത് പരിഹരിക്കുന്നതിന് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിന് പകരം മറ്റു ട്രെയിനുകളുടെ സമയം മാറ്റാനാണ് റെയിൽവേ ശ്രമിക്കുന്നത്. വൈകുന്നേരങ്ങളിൽ നേരത്തെയുണ്ടായിരുന്ന രാജധാനി, ഹസ്രത്ത് നിസാമുദീൻ ട്രെയിനുകൾ കടന്നുവരുമ്പോൾ ഉണ്ടായിരുന്ന ദുരിതത്തിന് പുറമെയാണ് വന്ദേഭാരതിന്റെ വരവോടെയുള്ള ദുരിതമെന്ന് ആലപ്പുഴ‑എറണാകുളം റൂട്ടിലെ യാത്രക്കാർ പറയുന്നു.
വന്ദേഭാരതിന്റെ വരവോടുകൂടി തീരദേശപാത വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിനുകൾ കൃത്യ സമയം പാലിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പ്രതിഷേധ സൂചകമായി ആലപ്പുഴ മുതൽ എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ പ്രതിഷേധ ബാഡ്ജ് ധരിച്ച് യാത്ര ചെയ്യുകയും എറണാകുളം ജങ്ഷനിൽ സ്റ്റേഷൻ മാസ്റ്ററുടെ പരാതി ബുക്കിൽ പരാതി രേഖപ്പെടുത്തുകയും ചെയ്തു. അനുകൂലമായ തീരുമാനം റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ മറ്റ് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ പറഞ്ഞു.
English Summary: Other trains are delayed for several hours for Vandebharat
You may also like this video