Site iconSite icon Janayugom Online

ഒടിടി പ്ലാറ്റ്ഫോമുകളുടെ നയം മാറ്റം: മലയാള സിനിമ പ്രതിസന്ധിയില്‍

ottott

വൻ തുകയ്ക്ക് സിനിമകളെടുത്തിരുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ നയം മാറ്റിയതോടെ പ്രതിസന്ധിയിലായി മലയാള സിനിമ. കോടികൾ ലാഭം കിട്ടിയെന്ന് അവകാശപ്പെടുന്ന സിനിമകൾക്ക് വരെ കുറഞ്ഞ തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ നിലവിൽ ഓഫർ ചെയ്യുന്നത്. മലയാളത്തിൽ കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവുമായി പുറത്തിറങ്ങിയ നിരവധി സിനിമകൾ ഇപ്പോഴും ഒടിടി പ്ലാറ്റ്ഫോമുകൾ എടുത്തിട്ടില്ല. ജനപ്രിയ നായകൻ എന്നവകാശപ്പെടുന്ന ദിലീപിന്റെ നിരവധി ചിത്രങ്ങൾ ഉൾപ്പെടെയാണ് പ്രതിസന്ധിയിൽ അകപ്പെട്ട് കിടക്കുന്നത്.

ദിലീപിന്റെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ബാന്ദ്ര, ഈ വർഷം പുറത്തിറങ്ങിയ തങ്കമണി, പവി കെയർടേക്കർ തുടങ്ങിയ ചിത്രങ്ങളോട് ഒടിടി പ്ലാറ്റ്ഫോമുകൾ മുഖം തിരിച്ചു. ഈ ചിത്രങ്ങൾ തിയേറ്ററുകളിലും പരാജയമായിരുന്നു. നിവിൻ പോളിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാമചന്ദ്ര ബോസ് ആന്റ് കോ എന്ന ചിത്രവും ഇതുവരെ ഒടിടിയിലെത്തിയിട്ടില്ല. ഒടിടി അവകാശവുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും തൃപ്തികരമാവാത്തതുകൊണ്ടാണ് വില്പന നടക്കാത്തതെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവിന്റെ പ്രതികരണം. പാളയം പിസി, രാസ്ത, വിവേകാനന്ദൻ വൈറലാണ്, അയ്യർ ഇൻ അറേബ്യ, മൃദുഭാവേ ദൃഢകൃത്യേ, കടകൻ, ആനന്ദപുരം ഡയറീസ്, കുരുവിപാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളിലെ ദയനീയ പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായത്.
പരാജയപ്പെട്ട ചിത്രങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കാനായി ലാഭക്കണക്ക് പെരുപ്പിച്ച് കാണിക്കുന്നുവെന്ന പരാതി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ പിന്മാറ്റം വ്യവസായത്തിന് വലിയ തിരിച്ചടിയായി മാറുകയാണ്. വൻ തുക നൽകി വാങ്ങിയ മലയാള സിനിമകൾ ഭൂരിഭാഗവും നഷ്ടമായതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങൾ എടുക്കുന്നത് കുറച്ചത്. വിജയിച്ച ചിത്രങ്ങൾ പോലും ചെറിയ തുകയ്ക്ക് എടുത്താൽ മതിയെന്നാണ് തീരുമാനം. ഇത് മലയാളത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സിനിമാ പ്രവർത്തകർ പറയുന്നു.

സിനിമകളുടെ സാറ്റലൈറ്റ് അവകാശം എടുക്കുന്നത് ടി വി ചാനലുകൾ നേരത്തെ തന്നെ കുറച്ചിരുന്നു. ഇതോടെ തിയേറ്ററിൽ പരാജയപ്പെട്ട നൂറു കണക്കിന് ചിത്രങ്ങൾ ഒടിടിയും ടി വി ചാനലുകൾ വഴിയും പ്രേക്ഷകർക്ക് മുന്നിലെത്താനുള്ള സാധ്യതയും ഇല്ലാതായി. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി മികച്ച പ്രതികരണമായിരുന്നു ഈ വർഷം തിയേറ്ററുകളിൽ മലയാള സിനിമകൾ ഉണ്ടാക്കിയത്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, ഗുരുവായൂരമ്പലനടയിൽ തുടങ്ങി നിരവധി ചിത്രങ്ങൾ വലിയ വിജയങ്ങളായി. എന്നാൽ ഇതിന് പിന്നാലെയാണ് ലാഭക്കണക്ക് പെരുപ്പിച്ചു കാണിക്കുന്നുവെന്ന ആരോപണം ഉയർന്നുവന്നത്. കള്ളപ്പണം വെളുപ്പിക്കാൻ സിനിമയെ ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടർന്ന് പല നിർമ്മാതാക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തു.
ഒടിടികളുടെ പിന്മാറ്റം കാരണം തിയേറ്ററിനെ മാത്രം ആശ്രയിച്ച് മുതൽ മുടക്ക് തിരിച്ചുപിടിക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതോടെ തിയേറ്ററിൽ പരാജയപ്പെടുന്ന ചിത്രങ്ങളുടെ നിർമ്മാതാക്കൾ തീർത്തും പ്രതിസന്ധിയിലായി. ഒടിടി പ്ലാറ്റ്ഫോമുകളാവട്ടെ പ്രാദേശിക സിനിമ വാങ്ങുന്നത് നിർത്തി സ്വന്തമായി വെബ് സീരീസ് നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതലായും സിനിമകൾ വാങ്ങിത്തുടങ്ങിയത്. തിയേറ്ററുകളിൽ റിലീസ് ചെയ്യാത്ത ചിത്രങ്ങൾ വരെ വൻതുക മുടക്കി വാങ്ങി. എന്നാൽ ഒടിടി മാത്രം ലക്ഷ്യമിട്ട് നിലവാരമില്ലാത്ത ചിത്രങ്ങൾ വ്യാപകമായി ഇറങ്ങാൻ തുടങ്ങിയതോടെ പ്രേക്ഷകർ ഒടിടിയെ കൈവിട്ടു. വിജയിച്ചതും മികച്ച അഭിപ്രായമുള്ളതുമായ സിനിമകൾ വാങ്ങിയിട്ടും ലാഭമുണ്ടാകുന്നില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒടിടി പ്ലാറ്റ്ഫോമുകൾ വഴി പ്രദർശിപ്പിക്കുന്ന സിനിമകൾ തൊട്ടടുത്ത ദിവസം ടെലിഗ്രാമിൽ ഉൾപ്പെടെയെത്തും. ആളുകൾ സൗജന്യമായി വ്യാജപതിപ്പുകൾ കാണാൻ തുടങ്ങിയതോടെ ഒടിടിയിൽ ചിത്രം കാണാൻ ആളില്ലാത്ത അവസ്ഥയുണ്ടായി. ഇത്തരം പ്രതിസന്ധികളെത്തുടർന്ന് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങളെ ഒടിടി പ്ലാറ്റ്ഫോമുകൾ ഒഴിവാക്കിത്തുടങ്ങിയത്. ഒടിടി ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത നിരവധി ചിത്രങ്ങളാണ് ഇതിനകം ഷൂട്ടിങ് അവസാനിപ്പിച്ചത്. പൂർത്തിയായ ചിത്രങ്ങളാവട്ടെ വെളിച്ചം കാണാതെ കിടക്കുകയുമാണ്.

ENGLISH SUMMARY: OTT plat­forms’ pol­i­cy change: Malay­alam cin­e­ma in crisis

YOU MAY ALSO LIKE THIS VIDEO

Exit mobile version