ദൂരങ്ങൾ താണ്ടുമിളമാൻപേട പോലെ
എന്നിലൊരു ജീവനദി ഒഴുകിടുന്നു
അഴുക്കാണശുദ്ധ രക്തം പലവുരു പറഞ്ഞവർ
പെരുമയേറീടും ഭിഷഗ്വരന്മാർ
അവർ വന്നടുക്കുന്നു, ദാതാവ് നൽകുന്നു
മുറിവേറ്റ ഞാൻ തളരുന്നു
മനസിനു മുറിവേറ്റ ഞാൻ തളരുന്നു
കമ്പനി പുകയ്ക്കും വിഷക്കാറ്റിൽ
എന്നെ നീ ചേർത്തു പിടിച്ചു നടത്തി
എത്രമേലെൻ പ്രാണനഭയമേകി
പിന്നെ നീ എങ്ങനെ ശുദ്ധമാകും?
വേദനകൾ കെട്ടിയ ‘ദൈവകോല’ങ്ങളെ
വാരിപ്പുണർന്ന് ഞാൻ പ്രാർത്ഥിച്ചു പോയ്,
മതിയെനിക്കീ ജീവനിനിയെന്റെ പ്രാണനെ
ഈ ഭൂമി വിട്ടു നീ കൊണ്ടു പോക
ഹൃദയത്തുടുപ്പിലും ഹംസധ്വനി കേട്ടു
അവസാനതാളമതുമാവാം അർബുദമാണോ
തിരഞ്ഞു ഞാൻ പിന്നെയും
അർബുദമെത്രയോ ഭേദം
ഭക്ഷണമുപേക്ഷിച്ചു എന്നിലെ ഭിക്ഷുവൊരു-
തീർത്ഥയാത്രപോയിടുമ്പോൾ
പിന്നിട്ടു ഞാൻ വഴിയമ്പലമേറെയും
പാഥേയമൊന്നുമൂട്ടാതെ
“ഒടുവിലൊരു തർപ്പണം അതുമാത്രമിനി മതി”
എൻ നിനവിലൂടെയലയുമ്പോൾ,
എന്നിലെ കുഞ്ഞു നദി എന്നോട് ചൊല്ലുന്നു,
“ഒഴുകേണമിനിയും എനിക്ക്,
വൈദ്യൻ വിധിക്കുന്ന പത്രമല്ലിന്നു ഞാൻ
പ്രാണന്റെ സിരയാഴം അല്ലേ?
നിന്റെ പ്രാണന്റെ സിരയാഴം അല്ലേ?”
“എങ്ങനെ സുഖപ്പെട്ടു നീ?”
എന്ന് ചോദിക്കെ അത് മെല്ലെ മന്ത്രിച്ചിടുന്നു
“അറിവീലയെങ്കിലും നമ്മുടെ പൂർവികർ
ഏകാദശി വ്രതം നോറ്റു”
ബെൽജിയൻ ലോകത്ത്
ഡി ഡ്യൂവ് ബയോക്കെമിസ്റ്റ് മൊഴിയുന്നു;
“ഓട്ടോഫാഗി”
(ലൈസോസോമിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ കണ്ടെത്തലിനെ അടിസ്ഥാനമാക്കി 1963‑ൽ ബെൽജിയൻ ബയോകെമിസ്റ്റ് ക്രിസ്റ്റ്യൻ ഡി ഡ്യൂവ് ആണ് ഓട്ടോഫാഗി എന്ന പദം ഉപയോഗിച്ചത്).