Site iconSite icon Janayugom Online

പുറത്ത് വന്നത് തലയും വാലുമില്ലാത്ത ചാറ്റുകള്‍, ഫെന്നി ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാൻ; പ്രതികരിച്ച് അതിജീവിത

ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് രാഹുലിനെതിരെ പരാതി നൽകിയ മൂന്നാം പരാതിക്കാരി. ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്‍റെ ചില ഭാഗങ്ങൾ മാത്രം പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനെന്ന് പരാതിക്കാരി പറഞ്ഞു. തലയും വാലുമില്ലാത്ത ചാറ്റുകളാണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് ഭാഗങ്ങള്‍ മാത്രം ആണ് പുറത്ത് വന്നിട്ടുള്ളത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു. അതിജീവിതയുടെ ശബ്ദസന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

പാലക്കാട് തെരഞ്ഞെടുപ്പിനിടെയാണ് രാഹുൽ ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞതെന്നും കഴിഞ്ഞ ആഗസ്റ്റിൽ രാഹുലിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടപ്പോള്‍ നിജസ്ഥിതി അറിയാനാണ് നേരിൽ കാണമെന്ന പറഞ്ഞതെന്നും അതിജീവിത വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് തന്നെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും എല്ലാം നേരിടാൻ തയ്യാറായിട്ടാണ് മുന്നോട്ടുവന്നതെന്നും അതിജീവിത പറഞ്ഞു.

പരാതിക്കാരുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്..

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഫെനി നൈനാൻ തന്നെ മാനിപ്പുലേറ്റ് ചെയ്തതായി അതിജീവിത ആരോപിക്കുന്നു. ചൂരൽമല ഫണ്ടിംഗുമായി ബന്ധപ്പെട്ട കൂപ്പൺ ചലഞ്ചിലൂടെയാണ് ഫെനിയെ പരിചയപ്പെടുന്നത്. രാഹുലിന് കോടികളുടെ ബാധ്യതയുണ്ടെന്ന് ഫെനി വിശ്വസിപ്പിച്ചിരുന്നതായും, ഒരിക്കൽ സമരത്തിനിടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോലും പണമില്ലെന്ന് പറഞ്ഞ് തന്നിൽ നിന്ന് പണം വാങ്ങിയതായും അതിജീവിത പറയുന്നു. ഫെനിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞതറിഞ്ഞ രാഹുൽ തന്നെ വീണ്ടും അധിക്ഷേപിച്ചതായും അവർ വെളിപ്പെടുത്തുന്നു.

കാര്യങ്ങളിൽ ഒരു വ്യക്തത (ക്ലോഷർ) വരുത്തുന്നതിനായി രാഹുലിനെ കാണാൻ പാലക്കാട് എത്തിയെങ്കിലും അതിന് അനുവദിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. രാഹുലിന്റെ സ്റ്റാഫ് തങ്ങളെ ദിവസം മുഴുവൻ പലയിടങ്ങളിലായി ഓടിച്ചു. താൻ ആവശ്യപ്പെട്ടത് ശാരീരിക ബന്ധത്തിനല്ല, മറിച്ച് കാര്യങ്ങൾ സംസാരിക്കാനുള്ള സമയം മാത്രമായിരുന്നുവെന്നും അവർ വ്യക്തമാക്കി. “പരാതി നേരത്തെ നൽകിയിരുന്നെങ്കിൽ മറ്റ് രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു” എന്നും അതിജീവിത ശബ്ദസന്ദേശത്തിൽ പറയുന്നു.

ഇത്തരം വ്യക്തിഹത്യകൾ കണ്ടു താൻ ഭയപ്പെടില്ലെന്നും ഫെനിയോട് സ്നേഹത്തോടെ തന്നെ പറയാം എന്ന് പറഞ്ഞാണ് അതിജീവിതയുടെ സന്ദേശം അവസാനിക്കുന്നത്. പുറത്തുവന്ന ചാറ്റുകൾ തലയും വാലുമില്ലാത്തതാണെന്നും നടന്ന സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version