Site iconSite icon Janayugom Online

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പന്നിക്ക് വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണികാണ് ഷോക്കേറ്റ് മരിച്ചത്. കാറൽമണ്ണ പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയിൽ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചോട് സ്വദേശി സന്തോഷിന്റെ കൃഷിയിടം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തുന്ന പ്രദേശവാസി പ്രഭാകരൻ, അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് രഞ്ജിത്ത് പ്രാമാണിക്കിന് ഷോക്കേറ്റത്.

പരിശോധനയിൽ സമീപത്തെ മറ്റൊരു പറമ്പിലെ വൈദ്യുതി ലൈനിൽ നിന്ന് കൃഷിയിടത്തിലെ കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിച്ചാണ് കെണി നിർമ്മിച്ചിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് കൃഷി പാട്ടത്തിനെടുത്ത പ്രഭാകരൻ ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ടു വർഷമായി കാറൽമണ്ണയിൽ ബന്ധുക്കൾക്കൊപ്പമാണ് രഞ്ജിത്ത് പ്രമാണിക്ക് താമസിച്ചിരുന്നത്.

Exit mobile version