രാജ്യത്തെ കേന്ദ്രസർവകലാശാലകളിൽ 33 ശതമാനത്തിലധികം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണാ ദേവി ലോക്‌സഭയെ അറിയിച്ചതാണ് ഈ കണക്ക്. 18,905 അധ്യാപക തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 6,333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.പ്രൊഫസർമാരുടെ 2,544 തസ്തികകളിൽ 1,072 (42 ശതമാനം) മാത്രമാണ് നിയമനം നടത്തിയിട്ടുള്ളത്. അസോസിയേറ്റ് പ്രൊഫസർമാരുടെ 5,098 തസ്തികകളിൽ 2,702 (53 ശതമാനം) മാത്രമാണ് നികത്തിയിട്ടുള്ളത്. സർക്കാർ അധ്യാപക ക്ഷാമം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി സഭയെ ഇക്കാര്യം അറിയിച്ചത്.
48 കേന്ദ്ര സർവകലാശാലകളാണ് രാജ്യത്തുള്ളത്. ഈ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം 7,20,025 ആണ്. അധ്യാപകരുടെ എണ്ണം സംബന്ധിച്ച് സർക്കാർ കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ട്. ഓൾ ഇന്ത്യാ സർവേ ഓൺ ഹയർ എജ്യുക്കേഷന്റെ 2019–2020ലെ കണക്കുകള്‍ പ്രകാരം 20,815 അധ്യാപകരാണുള്ളത്. എന്നാല്‍ അതില്‍ അഡ്-ഹോക്ക്, അതിഥി, കരാർ, വീണ്ടും ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ എത്ര അധ്യാപകരെന്ന് വ്യക്തമാക്കുന്നില്ല.കേന്ദ്ര സർവകലാശാലകളിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും (ഐഐടി) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലുമായി (ഐഐഎം) പതിനായിരത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ഡിസംബർ 15ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ പാർലമെന്റിൽ പറഞ്ഞിരുന്നു. ആകെയുള്ള 10,814 ഒഴിവുകളിൽ 6,535 എണ്ണം ഇഗ്നോ ഉൾപ്പെടെയുള്ള കേന്ദ്രസർവകലാശാലകളിലും 403 എണ്ണം ഐഐഎമ്മുകളിലും 3,876 എണ്ണം ഐഐടികളിലുമാണെന്നാണ് മന്ത്രി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.
സർവകലാശാലകളിലെ നിയമനങ്ങൾക്ക് യോഗ്യതാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് നിയമനങ്ങൾ നടത്തുന്നത് എന്നായിരുന്നു മറുപടി.
english summary;Over 33% Teaching Faculty Posts Lying Vacant in Central Universities
you may also like this video;